കാൽഗറി : നഗരവാസികൾക്ക് ഇൻഡോർ വാട്ടർ സേവിങ് നിയന്ത്രണങ്ങൾ കുറയ്ക്കാനും വീട്ടിൽ സാധാരണ ജല ഉപയോഗത്തിലേക്ക് സാവധാനം മടങ്ങാനും അനുമതി നൽകി കാൽഗറി മേയർ ജ്യോതി ഗോണ്ടെക്. ഏകദേശം ഒരു മാസം മുമ്പ് വടക്കുപടിഞ്ഞാറൻ കാൽഗറിയിലെ പ്രധാന ജലവിതരണപൈപ്പിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് നഗരത്തിലുടനീളം ജലനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ ഈ ആഴ്ച അവസാനം കാൽഗറിയിലെ പ്രാദേശിക അടിയന്തരാവസ്ഥ പിൻവലിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മേയർ അറിയിച്ചു. ജൂൺ 5-ന് ശേഷം ആദ്യമായി ബിയർസ്പോ സൗത്ത് ഫീഡർ മെയിൻ ജലവിതരണത്തിന് സജ്ജമായതായി, ജലപ്രതിസന്ധി സമയത്ത് നിവാസികൾക്ക് നൽകിയ സഹായത്തിന് നന്ദി അറിയിച്ച് ജ്യോതി ഗോണ്ടെക് പറഞ്ഞു.