ടൊറൻ്റോ : ഒൻ്റാരിയോയിലെ ഭൂവുടമകൾക്ക് അടുത്ത വർഷം മുതൽ വാടക നിരക്ക് 2.5% വരെ വർധിപ്പിക്കാൻ അനുമതി. വാരാന്ത്യത്തിൽ ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശം ഫോർഡ് ഗവൺമെൻ്റ് പുറത്തിറക്കി. കഴിഞ്ഞ വർഷങ്ങളിലും ഇതേ നിരക്കിലാണ് വാടക വർധിപ്പിച്ചത്. രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പണപ്പെരുപ്പനിരക്ക് വർധനയെ തുടർന്ന് വാടക 3.1% എന്ന നിലയിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
2021-ൽ സർക്കാർ വാടക വർധനയുടെ മാർഗരേഖ പൂജ്യമായി നിശ്ചയിക്കുകയും 2022-ൽ ഇത് 1.2 ശതമാനമായി ഉയർത്തുകയും ചെയ്തിരുന്നു. ഭൂവുടമകൾക്ക് 2.5 ശതമാനത്തിന് മുകളിലുള്ള വർധനയ്ക്കായി ലാൻഡ് ലോർഡ് ആൻഡ് ടെനൻ്റ് ബോർഡിന് (എൽടിബി) അപേക്ഷ നൽകാം. വാടക വർധനയെക്കുറിച്ച് കുറഞ്ഞത് 90 ദിവസം മുൻപെങ്കിലും വാടകക്കാർക്ക് രേഖാമൂലം അറിയിപ്പ് നൽകണം. കൂടാതെ വർഷത്തിൽ ഒന്നിലധികം തവണ വാടക വർധിപ്പിക്കാൻ പാടുള്ളതല്ല. എന്നാൽ, വാടക വർധനയ്ക്കെതിരെ വാടകക്കാർക്ക് ലാൻഡ് ലോർഡ് ആൻഡ് ടെനൻ്റ് ബോർഡിന് പരാതി നൽകാനും അവസരമുണ്ട്.