കാൽഗറി : നഗരത്തിലെ ജലനിയന്ത്രണങ്ങളിൽ ചില ഇളവുകൾ അനുവദിച്ചെങ്കിലും പൂർണ്ണമായി നിയന്ത്രണങ്ങൾ പിൻവലിക്കാൻ സമയമായില്ലെന്ന് കാൽഗറി മേയർ ജ്യോതി ഗോണ്ടെക്. ഇന്നലെ നഗരവാസികൾക്കുള്ള ഇൻഡോർ ജലഉപയോഗ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. എന്നാൽ ഔട്ട്ഡോർ നിയന്ത്രണങ്ങൾ തുടരുന്നുണ്ട്.
![](http://mcnews.ca/wp-content/uploads/2024/03/Shaise-Jacob-1024x921.jpg)
നഗരത്തിൽ ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ബുധനാഴ്ചത്തെ ദൈനംദിന അപ്ഡേറ്റിൽ മേയർ അറിയിച്ചു. ഗ്ലെൻമോർ വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ ആഴ്ച അവസാനത്തോടെ പൂർത്തിയാകുമെന്നും മേയർ പറഞ്ഞു. ജലനിയന്ത്രണം പിൻവലിച്ചതോടെ ഇന്നലെ നഗരത്തിലെ ജലഉപയോഗം വർധിച്ചതായി മേയർ അറിയിച്ചു. ചൊവ്വാഴ്ച, നഗരവാസികൾ 47 കോടി 80 ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചു. നഗരസഭാധികൃതർ ജലസംരക്ഷണ നടപടികൾ ആവശ്യപ്പെട്ട സമയം മുതൽ സാധാരണ ജല ഉപയോഗത്തെ അപേക്ഷിച്ച് 350 കോടി ലിറ്ററിലധികം വെള്ളം സംരക്ഷിക്കപ്പെട്ടതായും മേയർ ജ്യോതി ഗോണ്ടെക് പറഞ്ഞു.
![](http://mcnews.ca/wp-content/uploads/2024/05/Speedy-Blinds-1024x517.jpg)
സ്പ്രേ പാർക്കുകൾ, നീന്തൽക്കുളങ്ങൾ, സ്ട്രീറ്റ് സ്വീപ്പിംഗ് പ്രോഗ്രാമുകൾ എന്നിവയ്ക്കുള്ള ജലനിയന്ത്രണങ്ങൾ തുടരുന്നുണ്ട്. അതേസമയം കുളങ്ങൾ, ഐസ് റിങ്കുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ, വീടിനുള്ളിൽ വെള്ളം ഉപയോഗിക്കുന്ന മിക്ക സിറ്റി ഓഫ് കാൽഗറി സേവനങ്ങളും പുനരാരംഭിച്ചു. ഹോട്ട് ടബ്ബുകളും സ്റ്റീം റൂമുകളും പോലെയുള്ള മറ്റ് സൗകര്യങ്ങൾ എത്രയും വേഗം തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ ബുധനാഴ്ച പറഞ്ഞു.