കാൽഗറി : ഇ.കോളി അണുബാധയെ തുടർന്ന് കാൽഗറിയിലെ ഒരു ഡേകെയർ അടച്ചുപൂട്ടി. ഡേകെയറിലെ ഒരു കുട്ടിക്ക് ഷിഗ ടോക്സിന് ഉല്‍പ്പാദിപ്പിക്കുന്ന ഇ.കോളി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. അതേസമയം ഡോകെയറില് നിന്നാണോ കുട്ടിക്ക് അണുബാധയേറ്റതെന്ന് വ്യക്തമല്ല.
![](http://mcnews.ca/wp-content/uploads/2024/05/Speedy-Blinds-1024x517.jpg)
ഫ്യൂലിംഗ് ബ്രെയിൻസ് അക്കാദമിയുടെ വെസ്റ്റ് 85-ാം കാമ്പസിലെ ഒരു വയസ്സുകാരനാണ് ജൂലൈ 3 വ്യാഴാഴ്ച ഉച്ചയ്ക്ക് ഇ.കോളി പോസിറ്റീവ് സ്ഥിരീകരിച്ചത്. രക്ഷിതാക്കളെയും ആൽബർട്ട ഹെൽത്ത് സർവീസസിനെയും വിവരം അറിയിച്ചിട്ടുണ്ടെന്നും വെസ്റ്റ് 85-ാം കാമ്പസ് അടച്ചുപൂട്ടിയതായും അക്കാദമി അറിയിച്ചു. ഈ ഡേകെയറിലെ കുട്ടികളുടെ രക്ഷിതാക്കൾ അവരുടെ കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ 811 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ആൽബർട്ട ഹെൽത്ത് സർവീസസ് നിർദ്ദേശിച്ചു. വയറിളക്കം പോലുള്ള ഗുരുതരമായ ലക്ഷണങ്ങൾ കുട്ടികളിൽ ഉണ്ടായാൽ, മാതാപിതാക്കൾ അവരെ ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നും പ്രവിശ്യാ ആരോഗ്യ ഏജൻസി നിർദ്ദേശിച്ചു.
![](http://mcnews.ca/wp-content/uploads/2024/03/Shaise-Jacob-1024x921.jpg)
2023 സെപ്തംബർ 4-ന് കാല്‍ഗറിയിലെ 11 ഡേകെയറകളിൽ ഇ.കോളി കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. ഡേകെയറകളിലേക്ക് ഭക്ഷണം നല്കിയ ഭക്ഷണശാലയില്‍ നിന്നുമായിരുന്നു ഇ.കോളി വ്യാപിച്ചത്. ആഗസ്ത് 29- ന് കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി വിളമ്പിയ മാംസക്കഷണത്തിലും വെഗന്‍ റൊട്ടിയിലും അണുബാധയ്ക്ക് കാരണമായ ഇ.കോളി ബാക്ടീരിയ അടങ്ങിയിരുന്നതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.