കാൽഗറി : നഗരത്തിലെ പ്രാദേശിക അടിയന്തരാവസ്ഥ പിൻവലിച്ചതായി കാൽഗറി മേയർ ജ്യോതി ഗോണ്ടെക് അറിയിച്ചു. ജലവിതരണപൈപ്പിലെ തടസത്തെ തുടർന്ന് ജൂൺ 15-നാണ് നഗരത്തിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എന്നാൽ, ഔട്ട്ഡോർ ജല നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്.
“പ്രാദേശിക അടിയന്തരാവസ്ഥ പിൻവലിച്ചതോടെ കാര്യങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിയെന്നല്ല അർത്ഥമാക്കുന്നതെന്ന്,” കാൽഗറി എമർജൻസി മാനേജ്മെൻ്റ് ഏജൻസി (സിഇഎംഎ) മേധാവി സ്യൂ ഹെൻറി പറഞ്ഞു. ജലവിതരണം ഇപ്പോഴും പൂർണ്ണ ശേഷിയിലായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കാൽഗറിയിലെ മുനിസിപ്പൽ എമർജൻസി ആക്ഷൻ പ്ലാൻ പ്രാബല്യത്തിൽ തുടരുന്നുണ്ട്. കൂടാതെ എമർജൻസി ഓപ്പറേഷൻസ് സെൻ്റർ തുറന്നിട്ടുണ്ടെന്നും സ്യൂ ഹെൻറി പറഞ്ഞു.
![](http://mcnews.ca/wp-content/uploads/2024/05/Speedy-Blinds-1024x517.jpg)
ഗ്ലെൻമോർ വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെ അറ്റകുറ്റപ്പണികൾ വെള്ളിയാഴ്ചയോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കാര്യങ്ങൾ ഇതുവരെ സാധാരണ നിലയിലായിട്ടില്ലാത്തതിനാൽ, അഗ്നി നിരോധനം പോലെ സ്റ്റേജ് 4 ഔട്ട്ഡോർ ജല നിയന്ത്രണങ്ങളും നിലവിലുണ്ട്. ഘട്ടം ഘട്ടമായി ഔട്ട്ഡോർ ജലനിയന്ത്രണം പിൻവലിക്കുമെന്നും മേയർ ജ്യോതി ഗോണ്ടെക് പറഞ്ഞു. നഗരത്തിൽ ആദ്യം സ്റ്റേജ് 3 ഔട്ട്ഡോർ ജലനിയന്ത്രണങ്ങളിലേക്കും തുടർന്ന് സ്റ്റേജ് 2 ലും ഒടുവിൽ സ്റ്റേജ് 1 ലേക്ക് മാറും.
നഗരത്തിലെ എല്ലാ ഔട്ട്ഡോർ പൂളുകളും സ്പ്രേ പാർക്കുകളും നിലവിൽ അടഞ്ഞുതന്നെയാണ്. എന്നാൽ ഇൻഡോർ പൂളുകൾ വീണ്ടും തുറന്നിട്ടുണ്ട്. പ്ലേ സ്ട്രക്ച്ചറുകൾ, ഹോട്ട് ടബ്ബുകൾ, സ്റ്റീം റൂമുകൾ, വാട്ടർ സ്ലൈഡുകൾ, കിഡ്ഡി പൂളുകൾ തുടങ്ങി മിക്ക അധിക ഇൻഡോർ അക്വാട്ടിക് കേന്ദ്രങ്ങളും ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നഗരം സ്റ്റേജ് 3 ഔട്ട്ഡോർ ജല നിയന്ത്രണത്തിലേക്ക് മാറുമ്പോൾ ഔട്ട്ഡോർ പൂളുകൾ വീണ്ടും തുറക്കുമെന്നും മേയർ അറിയിച്ചു.