തെന്നിന്ത്യയിലെ ഏറ്റവും ഹൈപ്പുള്ള പ്രോജക്ടുകളുടെ പട്ടികയെടുത്താൽ അതിൽ കമൽഹാസൻ-ശങ്കർ ടീമിൻ്റെ ഇന്ത്യൻ രണ്ടാം ഭാഗം മുൻനിരയിൽ കാണും. ഏറെ നാളുകളായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയ്ക്ക് ഒരു മൂന്നാം ഭാഗമുണ്ടാകുമെന്ന് കമല് ഹാസന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ താൻ ഇന്ത്യൻ മൂന്നാം ഭാഗത്തിൻ്റെ ആരാധകനെന്ന് പറയുകയാണ് കമൽഹാസൻ. ഒരു അഭിമുഖത്തിലായിരുന്നു കമലിൻ്റെ പ്രതികരണം.
‘ഇന്ത്യൻ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിന് ഞാൻ സമ്മതിച്ചതിന് പിന്നിലെ ഒരേയൊരു കാരണം മൂന്നാം ഭാഗമാണ്. ഞാൻ ‘ഇന്ത്യൻ 3’യുടെ ആരാധകനാണ്. ഫസ്റ്റ് ഹാഫാണ് ഇഷ്ടപ്പെട്ടത്, രണ്ടാം പകുതിയാണ് ഇഷ്ടപ്പെട്ടത് എന്നൊക്കെ സിനിമ കണ്ടതിനുശേഷം ആളുകൾ പറയാറില്ലേ. എന്നെ സംബന്ധിച്ചിടത്തോളം ‘ഇന്ത്യൻ 3’യാണ് രണ്ടാം പകുതി. അത് പുറത്തിറങ്ങാൻ ഇനിയും ആറുമാസം സമയമെടുക്കും എന്ന വിഷമത്തിലാണ് ഞാൻ,’ എന്ന് കമൽഹാസൻ പറഞ്ഞു.
![](http://mcnews.ca/wp-content/uploads/2024/02/Geo-mathew-RCIC-1-1024x576.jpg)
1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ‘ഇന്ത്യൻ’ ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.
അതേസമയം ഇന്ത്യൻ 2-3 ഭാഗങ്ങളിലായി കമൽഹാസനെ 12 ഗെറ്റപ്പുകളിൽ കാണാൻ കഴിയുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ ഏഴ് ഗെറ്റപ്പുകൾ ഇന്ത്യൻ 2ലും അഞ്ച് ഗെറ്റപ്പുകൾ ഇന്ത്യൻ 3ലുമായിരിക്കും ഉണ്ടാവുക എന്നാണ് സൂചന. ഈ ജൂലൈ 12 നാണ് ഇന്ത്യൻ 2 റിലീസ് ചെയ്യുന്നത്.