ന്യൂഡല്‍ഹി:ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചംപയ് സോറന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെ ചംപയ് സോറന്‍ വെള്ളിയാഴ്ച ബിജെപിയില്‍ ചേരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എക്‌സിലൂടെ അറിയിക്കുകയും ചെയ്തു. ഹിമന്തയടക്കം പങ്കെടുത്ത കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെക്കുകയും ചെയ്തു.

ഹേമന്ത് സോറനായി മുഖ്യമന്ത്രി പദം രാജിവെച്ചത് മുതല്‍ ചംപയ് ജെഎംഎമ്മില്‍ നിന്ന് അകന്നിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ യാത്രകളും നീക്കങ്ങളും അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഡല്‍ഹി സന്ദര്‍ശനത്തിനിടെ താന്‍ ജെഎംഎം വിടുകയാണെന്നും തനിക്ക് മുന്നില്‍ മൂന്ന് വഴികളുണ്ടെന്നും വ്യക്തമാക്കി കൊണ്ട് ചംപയ് സോറന്‍ പ്രസ്താവനയും ഇറക്കിയിരുന്നു.
ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ഝര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. സംസ്ഥാന രൂപവത്കരണ സമരത്തിന്റെ നായകനായ ചംപയ് സോറന്‍ സംസ്ഥാനത്ത് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവുകൂടിയാണ്.