മുംബൈ: നിരക്ക് വർദ്ധനയിലുടെ വ്യാപക വിമർശനം നേരിട്ട ജിയോ ഉപയോക്താക്കളെ കൈയിലെടുക്കാൻ നിർണായക പദ്ധതി അവതരിപ്പിച്ച് മുകേഷ് അംബാനി. 100 ജി.ബി ക്ലൗഡ് സ്റ്റോറേജ് ജിയോ ഉപയോക്താക്കൾക്ക് സൗജന്യമായി ലഭ്യമാക്കുമെന്നാണ് അംബാനിയുടെ പ്രഖ്യാപനം. റിലയൻസ് ഇൻഡസ്ട്രീസിന്റെ 47ാ-മത് വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി പദ്ധതി അവതരിപ്പിച്ചത്. ജിയോ ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണിലും മറ്റുമുള്ള ചിത്രങ്ങൾ, വിഡിയോകൾ, ഡോക്യൂമെന്റ് ഫയലുകൾ എന്നിവ ഇനി ജിയോയുടെ 100 ജി.ബി ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിക്കാമെന്ന് അംബാനി പറഞ്ഞു.

എ.ഐ, ക്ലൗഡ് മേഖലകളിൽ കൂടുതൽ ഇടപെടൽ നടത്താൻ കമ്പനി ഒരുങ്ങുന്നുവെന്ന സൂചനയും അംബാനി നൽകി. എല്ലാ ജിയോ ഉപയോക്താക്കൾക്കും ക്ലൗഡ് സ്റ്റോറേജും എ.ഐ സേവനങ്ങളും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
ഫോൺ സ്റ്റോറേജുകൾ കുറയുന്നുവെന്നും ഫോൺ ഹാങ്ങാവുമെന്നുമുള്ള ഉപയോക്താക്കളുടെ പരാതികൾക്ക് ഇതോടെ പരിഹാരമാകും.ജിയോ എ.ഐ ക്ലൗഡ് വെൽകം ഓഫർ ദീപാവലിയോടെയാകും നിലവിൽ വരിക.
