മൺട്രിയോൾ : കരാർ ചർച്ചയിൽ പുരോഗതി കൈവരിക്കാത്ത സാഹചര്യത്തിൽ വീണ്ടും പണിമുടക്കി കെബെക്ക് ഹോട്ടൽ ജീവനക്കാർ. പ്രവിശ്യയിലെ പ്രധാന നഗരങ്ങളിലെ മൂന്ന് ഹോട്ടലുകളിലാണ് ഇന്ന് കോൺഫെഡറേഷൻ ഡെസ് സിൻഡിക്കേറ്റ്സ് നാഷണലിൽ അംഗമായ ഫെഡറേഷൻ ഓഫ് കൊമേഴ്‌സ് യൂണിയൻ അംഗങ്ങൾ പണിമുടക്കിയത്. മൺട്രിയോളിലെ ബോണവെഞ്ചർ ഹോട്ടൽ, കെബെക്ക് സിറ്റിയിലെ പോർ ഹോട്ടൽ, ഷെർബ്രൂക്കിലെ ഡെൽറ്റ ഹോട്ടൽ എന്നിവയെയാണ് ഇത്തവണത്തെ പണിമുടക്ക് ബാധിച്ചിരിക്കുന്നത്. കെബെക്ക് സിറ്റിയിലെ ഹോട്ടലിൽ ബുധനാഴ്ച പണിമുടക്ക് ആരംഭിച്ചിരുന്നു.

വേതന വർധന, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. കോവിഡ് മഹാമാരിക്കാലത്ത്, ഹോട്ടലുടമകൾ പ്രതിസന്ധിയിലായപ്പോൾ, തങ്ങൾ വിട്ടുവീഴ്ച്ച ചെയ്തതായി പറയുന്ന യൂണിയൻ, ആദ്യ വർഷം 15% ഉൾപ്പെടെ നാല് വർഷത്തിനുള്ളിൽ 36% വേതന വർധന ആവശ്യപ്പെടുന്നു. ഒരു ഹോട്ടലുടമയുമായി കരാറിലെത്തിയാൽ, വ്യത്യസ്ത തൊഴിലുടമകളാണെങ്കിലും ആ കരാർ മറ്റു ഹോട്ടലുകളിലെ ജീവനക്കാർക്കും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഫെഡറേഷൻ പറയുന്നു.