രജനികാന്ത് നായകനായെത്തുന്ന ‘വേട്ടയ്യ’നിലെ പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിൽ അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സത്യദേവ് എന്നാണ് കഥാപാത്രത്തിൻ്റെ പേര്.
‘ഇന്ത്യൻ സിനിമയുടെ അഭിമാനം’ എന്ന വിശേഷണത്തോടെയാണ് അമിതാഭ് ബച്ചനെ അണിയറപ്രവർത്തകർ പരിചയപ്പെടുത്തിയത്. രജനികാന്തും അമിതാഭ് ബച്ചനും ഒരുമിച്ചുള്ള രംഗങ്ങളുടെ ലൊക്കേഷൻ ദൃശ്യങ്ങളും ഉൾക്കൊള്ളുന്നതാണ് വിഡിയോ. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്ക് ശേഷം രജനികാന്തിനൊപ്പം അമിതാഭ് ബച്ചൻ സ്ക്രീൻ പങ്കിടുന്ന ചിത്രമാണ് ‘വേട്ടയ്യൻ’.
ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ. ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ‘വേട്ടയ്യൻ’. ലൈക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. രജനികാന്തിനും അമിതാഭ് ബച്ചനും പുറമെ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
ശർവാനന്ദ്, ജിഷു സെൻഗുപ്ത, അഭിരാമി, റിതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡിൻ കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും അഭിനയിച്ചിരിക്കുന്നു. ദീപാവലിയോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലെത്തും.