ഓട്ടവ : ജനറൽ മോട്ടോഴ്‌സ്, വോൾവോ, ലാൻഡ് റോവർ എന്നിവയുൾപ്പെടെ നിരവധി വാഹന മോഡലുകൾ ട്രാൻസ്‌പോർട്ട് കാനഡ തിരിച്ചു വിളിച്ചു. സെൻസറുകൾ അമിതമായി ചൂടാകുന്നത് മുതൽ ടയർ, വയറിങ് പ്രശ്നങ്ങൾ, കുറഞ്ഞ ബ്രേക്ക് ഫ്ലൂയിഡ്, ബ്രേക്ക് കുറയൽ, തെറ്റായ ഇന്ധന റീഡറുകൾ തുടങ്ങി നിരവധി പ്രശ്നങ്ങളെ തുടർന്നാണ് വാഹനങ്ങൾ തിരിച്ചു വിളിച്ചിരിക്കുന്നത്.

നിരവധി ജനറൽ മോട്ടോഴ്‌സ് എസ്‌യുവികൾ, കാഡിലാക് എസ്കലേഡ്, ഷെവർലെ സിൽവറഡോ, താഹോ എന്നിവയുടെ നിരവധി മോഡലുകളും ജിഎംസി യുക്കോൺ, സിയറ, സബർബൻ മോഡലുകളും ഉൾപ്പെടുന്നു. ലൈറ്റ് ട്രക്ക്, വാൻ വിഭാഗത്തിൽ പെടുന്ന 2024 ജിഎംസി കാന്യോണിനും തിരിച്ചുവിളിച്ചു. സോഫ്റ്റ്‌വെയർ പ്രശ്നം കാരണം ചില വാഹനങ്ങളിൽ, ബ്രേക്ക് ഫ്ലൂയിഡ് ലെവൽ കുറയുമ്പോൾ ലോ ബ്രേക്ക് ഫ്ലൂയിഡ് മുന്നറിയിപ്പ് ലൈറ്റ് തെളിയാതെ വരുന്നതായി ഫെഡറൽ ഏജൻസി പറയുന്നു. നിയർ ഫീൽഡ് സെൻസർ മൊഡ്യൂൾ അമിതമായി ചൂടാകുന്നതിനാൽ റേഞ്ച് റോവർ ഇവോക്ക്, റേഞ്ച് റോവർ വെലാർ, റേഞ്ച് റോവർ സ്‌പോർട്ട് എന്നീ വാഹനങ്ങളും തിരിച്ചുവിളിച്ചതായി ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. റിയർവ്യൂ ക്യാമറയ്ക്കുള്ള വയറിംഗ് ഹാർനെസും ഉയർന്ന മൗണ്ടഡ് സ്റ്റോപ്പ് ലാമ്പും ഉൽപ്പാദന വേളയിൽ ശരിയായി സ്ഥാപിച്ചിട്ടില്ലാത്തതിനാൽ ജീപ്പ് റാംഗ്ലറിൻ്റെ നാല് മോഡലുകളും തിരിച്ചുവിളിച്ചു. വോൾവോ VN-ൻ്റെ 2024 മോഡലുകൾക്കും തിരിച്ചുവിളിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഈ വാഹനങ്ങളുടെ വാഹനത്തിൻ്റെ ഇടതുവശത്ത് വീൽ ലഗ് നട്ടുകൾ ശരിയായി മുറുകിയിട്ടില്ലാത്തതിനാൽ ചക്രങ്ങൾ ഊരിപ്പോകാൻ സാധ്യത ഉണ്ടെന്ന് ഏജൻസി പറയുന്നു.