ഓട്ടവ : നാറ്റോ നിർദ്ദേശിച്ച ലക്ഷ്യം കൈവരിക്കുന്നതിന് കാനഡ വാർഷിക സൈനിക ചെലവ് ഇരട്ടിയാക്കണമെന്ന് പാർലമെൻ്ററി ബജറ്റ് ഓഫീസർ (PBO). സൈനിക അടിസ്ഥാന സൗകര്യങ്ങൾക്കും ജീവനക്കാർക്കുമായി പ്രതിവർഷം 8190 കോടി ഡോളർ ഡോളറെങ്കിലും ചെലവഴിക്കേണ്ടിവരുമെന്ന് PBO പറയുന്നു. അതേസമയം 2024-2025 കാലയളവിൽ സൈനിക ചെലവ് 4,100 കോടി ഡോളറായി ഉയരുമെന്ന് ദേശീയ പ്രതിരോധ വകുപ്പ് പ്രവചിക്കുന്നു. എന്നാൽ, നാറ്റോയുടെ പ്രതിരോധ ചെലവ് ലക്ഷ്യം കൈവരിക്കാനുള്ള കാനഡയുടെ പദ്ധതി അവ്യക്തമായി തുടരുന്നത് കാനഡയ്ക്ക് സുരക്ഷാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നും പാർലമെൻ്ററി ബജറ്റ് ഓഫീസർ വെളിപ്പെടുത്തി. “2032-33 ഓടെ 2% ലക്ഷ്യം കൈവരിക്കാൻ എങ്ങനെ പദ്ധതിയിടുന്നുവെന്ന് കാണിക്കുന്ന കണക്കുകളൊന്നും സർക്കാർ പുറത്തുവിട്ടിട്ടില്ല,” PBO അതിൻ്റെ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഈ വർഷം വാഷിംഗ്ടൺ ഡിസിയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ, 2032 ഓടെ പ്രതിരോധ മേഖലയിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ രണ്ട് ശതമാനം എന്ന സഖ്യത്തിൻ്റെ ലക്ഷ്യത്തിൽ കാനഡ എത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു.