മൺട്രിയോൾ : അടുത്ത വേനൽക്കാലത്ത് യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഏഷ്യ എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് എയർ കാനഡ. 2025 വേനൽക്കാലത്ത് മൺട്രിയോൾ-നേപ്പിൾസ്-പോർട്ടോ, ടൊറൻ്റോ-പ്രാഗ്-പോർട്ട് ഓഫ് സ്പെയിൻ, ഓട്ടവ-ലണ്ടൻ എന്നീ റൂട്ടുകളിലായിരിക്കും എയർ കാനഡ പുതിയ സർവീസുകൾ ആരംഭിക്കുക.
പുതിയ സർവീസുകൾ യാത്രക്കാർക്ക് അവരുടെ വേനൽക്കാല യാത്രകൾക്ക് കൂടുതൽ ഓപ്ഷനുകളും ഫ്ലെക്സിബിലിറ്റിയും നൽകുമെന്ന് എയർ കാനഡ റവന്യൂ ആൻഡ് നെറ്റ്‌വർക്ക് പ്ലാനിംഗ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് മാർക്ക് ഗലാർഡോ പറഞ്ഞു. ഓട്ടവയിൽ നിന്ന് ലണ്ടൻ-ഹീത്രൂവിലേക്കും ടൊറൻ്റോയിൽ നിന്ന് പ്രാഗിലേക്കുമുള്ള എയർ കാനഡ സർവീസ് പുനഃരാരംഭിക്കും. അതേസമയം 2025 വേനൽക്കാലത്ത്, എയർ കാനഡ റോമിലേക്കും ഏഥൻസിലേക്കും പറക്കാൻ ഒരുങ്ങുകയാണെന്നും മാർക്ക് ഗലാർഡോ അറിയിച്ചു. ഈ റൂട്ടുകളിൽ ദിവസേന മൂന്ന് ഫ്ലൈറ്റുകൾ ആയിരിക്കും സർവീസ് നടത്തുക. കൂടാതെ ടൊറൻ്റോയിൽ നിന്നും സ്റ്റോക്ക്‌ഹോം, മാഡ്രിഡ്, പാരിസ് എന്നീ നഗരങ്ങളിലേക്ക് ദിവസേന മൂന്ന് വിമാനങ്ങൾ സർവീസ് നടത്തും.
മൺട്രിയോളിൽ നിന്നും കാസബ്ലാങ്കയിലേക്കുള്ള സർവീസ് ദിവസേനയാക്കും. കൂടാതെ, ടൊറൻ്റോയിൽ നിന്ന് ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ പോർട്ട് ഓഫ് സ്പെയിനിലേക്ക് എയർലൈൻ വർഷം മുഴുവനും ആഴ്ചയിൽ നാല് തവണ സർവീസ് നടത്തുമെന്നും മാർക്ക് ഗലാർഡോ അറിയിച്ചു. ഇവ കൂടാതെ മൺട്രിയോളിൽ നിന്ന് സിയോളിലേക്കും ടൊറൻ്റോയിൽ നിന്ന് ഒസാക്കയിലേക്കും വേനൽക്കാല സീസണൽ സർവീസ് എയർലൈൻ പുനരാരംഭിക്കും. ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളായിരിക്കും ഈ റൂട്ടിൽ സർവീസ് നടത്തുക.