ഓട്ടവ : കാനഡയിലെ ആദ്യത്തെ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിനുള്ള (RSV) വാക്സിന് അംഗീകാരം നൽകി ഹെൽത്ത് കാനഡ. 60 വയസും അതിൽ കൂടുതലും പ്രായമുള്ളവർക്കുള്ള, അംഗീകൃത എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള മോഡേണയുടെ mRESVIA എന്ന വാക്സിനാണ് കാനഡയിലെ ഹെൽത്ത് റെഗുലേറ്റർ അംഗീകാരം നൽകിയത്. 2025 ൻ്റെ തുടക്കത്തിൽ വാക്സിൻ വിതരണം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
രോഗപ്രതിരോധ സംവിധാനത്തിന് തിരിച്ചറിയാനും ആക്രമിക്കാനും കഴിയുന്ന നിർദ്ദിഷ്ട പ്രോട്ടീനുകൾ നിർമ്മിക്കാൻ ശരീരത്തെ സഹായിക്കുന്ന mRNA വാക്സിനുകൾക്ക് ഒന്നിലധികം രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്ന് കമ്പനി പറഞ്ഞു. ഈ ആഴ്ച ആദ്യം, 50-നും 59-നും ഇടയിൽ പ്രായമുള്ള മുതിർന്നവർക്കുള്ള ബ്രിട്ടീഷ് മെഡിസിൻ നിർമ്മാതാക്കളായ GSK-യുടെ RSV വാക്സിന് ഹെൽത്ത് കാനഡ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. കൂടാതെ GSK-യുടെ Arexvy, Pfizer’s Shot Abrysvo എന്നിവരുടെ 60 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർക്കായുള്ള പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള വാക്സിനുകളും കാനഡയിൽ അംഗീകരിച്ചിട്ടുണ്ട്.