ഓട്ടവ : ദേശീയ പാർക്കുകൾ, നഗരങ്ങൾ, ദ്വീപുകൾ എന്നിവയുൾപ്പെടെ നിരവധി മനോഹരമായ സ്ഥലങ്ങൾ അടങ്ങുന്ന കാനഡ സന്ദർശകരുടെ സ്വപ്ന രാജ്യമാണ്. കുറഞ്ഞ ചിലവിൽ വിദ്യാഭ്യാസം, സൗജന്യ ആരോഗ്യ പരിരക്ഷ, ക്ഷേമ ആനുകൂല്യങ്ങൾ, റിട്ടയർമെൻ്റ് സുരക്ഷ, പൊതു സുരക്ഷ, മെച്ചപ്പെട്ട പൊതു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്ന കാനഡ യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ രാജ്യമായി തിരഞ്ഞെടുത്ത് നോർത്ത് അമേരിക്കൻ ട്രാവൽ ഇൻഷുറൻസ് കമ്പനിയായ ബെർക്‌ഷെയർ ഹാത്ത്‌വേ ട്രാവൽ പ്രൊട്ടക്ഷൻ (BHTP).
സ്വിറ്റ്സർലൻഡ് (#5), ന്യൂസിലാൻഡ് (#6), യുണൈറ്റഡ് കിംഗ്ഡം (#13), സ്വീഡൻ (#15) തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയ കാനഡ ഐസ്‌ലാൻഡിനും (#1), ഓസ്‌ട്രേലിയയ്ക്കും (#2) തൊട്ടുതാഴെയായി മൂന്നാം സ്ഥാനം കരസ്ഥമാക്കി. കുറ്റകൃത്യങ്ങൾ, തീവ്രവാദം, രോഗങ്ങൾ എന്നിവയിൽ നിന്നുള്ള സുരക്ഷ, LGBTQIA+ യാത്രക്കാർ തുടങ്ങിയ ഗ്രൂപ്പുകളുടെ സുരക്ഷ എന്നിവ ഉൾപ്പെടെയുള്ളവ പരിഗണിച്ചാണ് ഓരോ രാജ്യങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഗതാഗത സുരക്ഷ, ആരോഗ്യ പരിരക്ഷ എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ കാനഡ അക്രമാസക്തമായ കുറ്റകൃത്യങ്ങളിൽ നിന്നുള്ള സുരക്ഷ, ഭീകരതയിൽ നിന്നുള്ള സുരക്ഷ എന്നിവയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ങ്ങനെ കാനഡ സന്ദർശിക്കാം
കാനഡയിലേക്കുള്ള യാത്രക്കാർ സാധാരണയായി രാജ്യത്ത് പ്രവേശിക്കുന്നതിന് സന്ദർശക വീസയ്‌ക്കോ ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷനോ (ഇടിഎ) അപേക്ഷിക്കണം. അമേരിക്കൻ പൗരന്മാർക്കും ഗ്രീൻ കാർഡ് ഉടമകൾക്കും അതുപോലെ സെൻ്റ് പിയറിയിലും മിക്കെലോണിലും താമസിക്കുന്ന ഫ്രാൻസിലെ പൗരന്മാർക്കും ഒരു eTA ആവശ്യമില്ല. എന്നാൽ, അവർ പ്രവേശിക്കുമ്പോൾ പാസ്‌പോർട്ട് പോലുള്ള സാധുവായ യാത്രാ രേഖകൾ ഹാജരാക്കേണ്ടതുണ്ട്. അതേസമയം ആവശ്യമായ രേഖകൾ ഉള്ളതുകൊണ്ട് മാത്രം കാനഡയിൽ പ്രവേശിക്കാൻ സാധിക്കില്ല. ക്രിമിനൽ പശ്ചാത്തലം ഉള്ളവർക്ക് അടക്കം കാനഡ പ്രവേശനം നിഷേധിക്കാറുണ്ട്.