യുഎഇയിലെ സ്വകാര്യ കമ്പനികൾ ഡിസംബറിനുള്ളിൽ സ്വദേശിവത്കരണ ലക്‌ഷ്യം പൂർത്തീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. വാർഷിക ലക്ഷ്യമായ രണ്ട് ശതമാനം ഡിസംബർ 31നകം പൂർത്തിയാക്കണം. പദ്ധതി നടപ്പാക്കാത്ത സ്ഥാപനങ്ങൾ അടുത്ത വർഷം ജനുവരി ഒന്നുമുതൽ ഭീമമായ പിഴ അടക്കേണ്ടി വരും.
തൊഴിലിടങ്ങളിൽ, പ്രത്യേകിച്ച് സ്വകാര്യ മേഖലകളിൽ സ്വദേശി പൗരന്മാർക്ക് തൊഴിൽ ഉറപ്പുവരുത്താനുള്ള യുഎ ഇ സർക്കാരിന്റെ സംരംഭത്തിന്റെ ഭാഗമാണ് ഉത്തരവ്. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിൽ 68 പ്രൊഫഷണൽ, സാങ്കേതിക തസ്‌തികകളിലാണ് സ്വദേശിവത്‌കരണം നടപ്പാക്കുന്നത്.

അൻപതോ അധിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് ഇത് നടത്തേണ്ടത്. എല്ലാ വർഷാവസാനവും തൊഴിലിടങ്ങളിൽ എമിറാത്തികളുടെ എണ്ണം രണ്ട് ശതമാനം വർദ്ധിപ്പിക്കമെന്നാണ് നിയമം നിഷ്‌കർഷിക്കുന്നത്. നിയമനം നടത്താത്ത ഓരോ എമിറാത്തിക്കും 96,000 ദിർഹം വീതം സ്ഥാപനം പിഴ ഒടുക്കേണ്ടതായി വരും.
20 മുതൽ 49 തൊഴിലാളികളുള്ള കമ്പനിയാണെങ്കിൽ വർഷാവസാനത്തോടെ ഒരു യുഎഇ പൗരനെ നിയമിക്കണം. ഈ കമ്പനികൾ 2025ലും ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് വ്യവസ്ഥ.