ടൊറൻ്റോ : ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ ഇന്ന് രാത്രി മുതൽ കനത്ത മഞ്ഞുവീഴ്ചയും മഞ്ഞുമഴയും ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ. ഇന്ന് രാത്രിയിലും ചൊവ്വാഴ്ച രാവിലെയും താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് കുറയുന്നതോടെ മിസ്സിസാഗ, ബ്രാംപ്ടൺ, ജിടിഎ എന്നിവിടങ്ങളിൽ ഈ ആഴ്ച കനത്ത മഞ്ഞുവീഴ്ച്ചയാണ് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നത്. കനത്ത മഞ്ഞുവീഴ്ച്ചയും മഞ്ഞുമഴയും കാരണം ഈ ഭാഗങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. ഡ്രൈവിങ്ങിനിടെ ദൃശ്യപരത കുറയുകയാണെങ്കിൽ, വാഹനത്തിന്റെ വേഗം കുറയ്ക്കുകയും ട്രാഫിക് നിയന്ത്രണങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

സൂ സെ മാരി, നോർത്ത് ബേ, ബ്ലൈൻഡ് റിവർ, എലിയറ്റ് തടാകം, സഡ്ബറി, നോർത്ത് ബേ, ടിമ്മിൻസ്, ഫ്രഞ്ച് റിവർ എന്നിവിടങ്ങളിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 15 സെൻ്റീമീറ്ററിലധികം മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. വൈകിട്ടും രാത്രിയും മഞ്ഞുവീഴ്ച്ച തുടരും. അതേസമയം കിഴക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ, മഞ്ഞുമഴയും പ്രതീക്ഷിക്കുന്നു. പടിഞ്ഞാറൻ അൽഗോൺക്വിൻ പാർക്ക്, ഓട്ടവ, ബർക്സ് ഫാൾസ്, സ്മിത്ത്സ് ഫാൾസ്, പെർത്ത്, ഈസ്റ്റേൺ ലാനാർക്ക് കൗണ്ടി, ഹാലിബർട്ടൺ, മൈൻഡൻ, ബാരിസ് ബേ, ബാൻക്രോഫ്റ്റ് എന്നിവിടങ്ങളിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകൾ ബാധകമായിരിക്കും.