വൻകൂവർ : രാജ്യത്ത് ആദ്യമായി എച്ച് 5 എൻ 1 ഏവിയൻ ഫ്ലൂ ബാധിച്ച ബ്രിട്ടിഷ് കൊളംബിയയിലെ കൗമാരക്കാരൻ്റെ നില ഗുരുതരമായി തുടരുന്നതായി പ്രവിശ്യാ ഹെൽത്ത് ഓഫീസർ ഡോ. ബോണി ഹെൻട്രി. യുവാവിന് ബിസി ചിൽഡ്രൻസ് ക്ലിനിക്കിൽ സാധ്യമായ ഏറ്റവും മികച്ച ചികിത്സ നൽകുന്നുണ്ടെന്നും ഗുരുതരമായ അണുബാധയിൽ നിന്ന് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ബോണി ഹെൻട്രി റിപ്പോർട്ട് ചെയ്തു.

ഇയാളുടെ അണുബാധയ്ക്ക് സമീപത്തെ കോഴി ഫാമുകളുമായി ബന്ധമില്ല. എന്നാൽ, യുവാവിന് എവിടെ നിന്നാണ് പക്ഷിപ്പനി ബാധിച്ചതെന്ന് വ്യക്തമല്ലെന്നും അവർ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി, പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ കൗമാരക്കാരൻ സമ്പർക്കം പുലർത്തിയ ഡസൻ കണക്കിന് മനുഷ്യരെയും മൃഗങ്ങളെയും പരിശോധിച്ചതായി ഡോ. ബോണി ഹെൻട്രി അറിയിച്ചു. യുവാവുമായുള്ള സമ്പർക്കത്തിൽ നിന്ന് മറ്റാർക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ച് വരികയാണ്. എന്നാൽ, ഇതുവരെ പ്രവിശ്യയിൽ മനുഷ്യരിൽ വേറെ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.