കിച്ചനർ : കനേഡിയൻ പൗരന്മാരുടെ പ്രിയപ്പെട്ട ചീസിന് കടുത്ത ക്ഷാമം നേരിട്ടേക്കുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള ചീസിന് 245% താരിഫ് വർധിപ്പിച്ചതോടെ ഇവ ഇനി സ്റ്റോക്ക് ചെയ്യാൻ കഴിയില്ലെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാനഡയിലെ ചില്ലറ വ്യാപാരികൾ.
ബ്രെക്‌സിറ്റ് കഴിഞ്ഞ് രണ്ട് വർഷമായിട്ടും, കാനഡ-ബ്രിട്ടീഷ് സർക്കാരുകൾക്ക് ഇപ്പോഴും ചീസുമായി ബന്ധപ്പെട്ട ഒരു വ്യാപാര കരാറിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു. തൽഫലമായി, വർഷാരംഭത്തിൽ കനേഡിയൻ ഗവൺമെൻ്റ് ബ്രിട്ടീഷ് കയറ്റുമതിയിൽ 245% താരിഫ് ഏർപ്പെടുത്തി. 2024 ജനുവരി മുതൽ താരിഫ് നിലവിലുണ്ടെങ്കിലും, ചീസിൻ്റെ വിലയെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ അടുത്ത വർഷം ഇതിന് മാറ്റമുണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്. അവധിക്കാലത്തിനായി ബുക്ക് ചെയ്ത ചീസ് സ്റ്റോറുകളിൽ എത്താൻ തുടങ്ങിയിട്ടുണ്ടെങ്കിലും ക്ഷാമം ഇപ്പോഴേ ആരംഭിച്ചതായി ചില്ലറ വ്യാപാരികൾ പറയുന്നു. എന്നാൽ, ഈ പ്രശ്നത്തിന് പരിഹാരം ഉടൻ ഉണ്ടാകാൻ സാധ്യത ഇല്ലെന്ന് ഫുഡ് ആൻഡ് റിസോഴ്‌സ് ഇക്കണോമിക്‌സ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.