വെല്ലിംഗ്ടൺ, ന്യൂസിലാൻഡ് : ന്യൂസിലൻഡിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അറോക്കിയിൽ യുഎസിൽ നിന്നും കാനഡയിൽ നിന്നുമുള്ള മൂന്ന് പർവതാരോഹകരെ കാണാതായതായി അധികൃതർ അറിയിച്ചു. കാലിഫോർണിയയിൽ നിന്നുള്ള കാർലോസ് റൊമേറോ (50), കൊളറാഡോ സ്വദേശി കുർട്ട് ബ്ലെയർ (56), എന്നിവർക്ക് ഒപ്പം ഒരു കനേഡിയൻ പൗരനെയുമാണ് കാണാതായതെന്ന് അമേരിക്കൻ മൗണ്ടൻ ഗൈഡ്‌സ് അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. കുടുംബത്തിന്‍റെ അഭ്യർത്ഥന പ്രകാരം കനേഡിയൻ പർവതാരോഹകൻ്റെ പേര് വെളുപ്പെടുത്തിയിട്ടില്ല.
തെക്കൻ ആൽപ്‌സിൻ്റെ ഭാഗമായ 3,724 മീറ്റർ (12,218 അടി) ഉയരമുള്ള അറോക്കി കൊടുമുടി കയറാൻ ശനിയാഴ്ചയാണ് മൂവരും പുറപ്പെട്ടത്. മലകയറ്റത്തിന് ശേഷം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തിങ്കളാഴ്ച തിരിച്ചു എത്താത്തതിനെ തുടർന്നാണ് മൂവർക്കുമായി തിരച്ചിൽ ആരംഭിച്ചത്. തിരച്ചിലിൽ മൂവരുടേതെന്ന് കരുതുന്ന നിരവധി ക്ലൈംബിംഗുമായി ബന്ധപ്പെട്ട വസ്തുക്കൾ കണ്ടെത്തി. എന്നാൽ, മൂന്ന് പർവതാരോഹകരെക്കുറിച്ചും വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു. കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം കാലാവസ്ഥ മോശമായതിനാൽ ചൊവ്വാഴ്ച തിരച്ചിൽ പുനരാരംഭിച്ചില്ല. വ്യാഴാഴ്ച സ്ഥിതി മെച്ചപ്പെടുമെന്നും തുടർന്ന് തിരച്ചിൽ പുനഃരാരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.