ഒന്റാരിയോ: പത്തനംതിട്ടയിലെ കോന്നിയില്‍ കാറപടത്തില്‍പ്പെട്ട കാനഡ പ്രവാസികുടംബത്തെ കോന്നി താലൂക്ക് ആശുപത്രിയിലെത്തിക്കുമ്പോള്‍ ഇവരുടെ പ്രാഥമിക വിവരങ്ങള്‍ പോലും ആര്‍ക്കും അറിയുമായിരുന്നില്ല. മരിച്ച നിഖിലിന്റെ പോക്കറ്റിലുണ്ടായിരുന്ന ഐഡി കാര്‍ഡില്‍ കാനഡയിലെ ഒന്റാരിയോ മേല്‍വിലാസം ഉണ്ടായിരുന്നു. ഇത് ആശുപത്രിയിലെ ഒരു നഴ്‌സ് കാണുകയും അവര്‍ കാനഡയിലെ തന്റെ സഹോദരന് അയച്ചുകൊടുക്കുകയും ചെയ്തു. ഇത് കാനഡയില്‍ മലയാളികള്‍ക്കിടയില്‍ ഷെയര്‍ ചെയ്യപ്പെട്ടു. നിഖിലിന്റെ വിശദാംശങ്ങള്‍ തേടി ഒന്റാരിയോവില്‍ താമസിക്കുന്ന ഒരു മലയാളി ഐഡി കാര്‍ഡില്‍ കാണിച്ചിരിക്കുന്ന മേല്‍വിലാസമുള്ള വീട്ടില്‍ നേരിട്ടു പോയി. നിഖില്‍ ഒരു വടക്കേയിന്ത്യന്‍ കുടുംബത്തിനൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു.
നിഖില്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത ആ കുടുംബം ആദ്യം വിശ്വസിക്കാന്‍ തന്നെ തയ്യാറായില്ല. ഏതാനും ദിവസം മുമ്പു മാത്രം വിവാഹത്തിനായി നാട്ടിലേക്കു പോയ നിഖിലിനും കുടുംബത്തിനും നേരിട്ട ദുരന്തം കാനഡയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. നാട്ടിലേക്ക് പോയി തിരിച്ചുവരുന്നതും കാത്തിരിക്കയായിരുന്നു സുഹൃത്തുക്കളെല്ലാം. ദുരന്തം ഇവിടെ എല്ലാവരെയും നടുക്കിയിരിക്കുകയാണ്.