ഡമാസ്കസ് : സിറിയയെ നിരന്തരം ആക്രമിക്കുന്ന ഇസ്രായേൽ നിലപാടിൽ പ്രതിഷേധമറിയിച്ച് വിമത സേനയായ ഹയാത്ത് തഹ്‍രീർ അൽ ഷാം (എച്ച്ടിഎസ്) തലവൻ അബു മുഹമ്മദ് അൽ ജുലാനി. സിറിയയിൽ വ്യോമാക്രമണം നടത്തുന്നതിനായി ഇനി ഇസ്രയേലിന് ന്യായീകരണങ്ങളില്ല. എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നതാണ് ഇസ്രയേൽ ഈയിടെ നടത്തിയ ആക്രമണങ്ങൾ. ആക്രമണം ഇല്ലാതാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സിറിയൻ പരമാധികാരത്തെ മാനിക്കണമെന്നും ജുലാനി ഒരു മാധ്യമ അഭിമുഖത്തിൽ ആവശ്യപ്പെട്ടു.
സുസ്ഥിരതയും സുരക്ഷയും ഉറപ്പാക്കാൻ നയതന്ത്ര പരിഹാരങ്ങളാണ് ആവശ്യം. സിറിയയിലേക്കുള്ള ഇസ്രയേൽ സൈനികാധിനിവേശം അപകടകരമാണ്. ഇസ്രയേലുമായുള്ള ദീർഘകാല സംഘർഷം രാജ്യത്തെ വീർപ്പുമുട്ടിച്ചിരിക്കെ, പുതിയൊരു ഏറ്റുമുട്ടലിന് താൽപര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ശനിയാഴ്ചയും ഡമാസ്കസിലടക്കം സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തി. പർവതത്തിന് താഴെയായുള്ള റോക്കറ്റ് സംഭരണ കേന്ദ്രത്തിലും ആക്രമണം ഉണ്ടായതായി സിറിയൻ വാർ മോണിറ്റർ അറിയിച്ചു. എന്നാൽ, സിറിയയിൽ നടക്കുന്ന കാര്യങ്ങളിൽ ഞങ്ങൾ ഇടപെടില്ലെന്ന് ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി പ്രതികരിച്ചു. സിറിയയിൽ ഭരണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഇസ്രയേലി ജനതയുടെ സുരക്ഷ ഉറപ്പാക്കലാണ് ലക്ഷ്യമെന്നും സിറിയൻ ഗോലാൻ കുന്നുകളിൽ ഇസ്രയേലി സൈനികരെ സന്ദർശിക്കവേ അദ്ദേഹം പറഞ്ഞു. തീവ്രവാദ സംഘങ്ങൾ ഇവിടേക്ക് വരുമെന്ന ആശങ്കയുള്ളതിനാലാണ് ആക്രമണം നടത്തിയതെന്നും ഹെർസി വ്യക്തമാക്കി.