പത്തനംതിട്ട: കാനഡയിലെ സ്‌കാര്‍ബറോയില്‍ താമസിക്കുന്ന പ്രവാസി യുവാവ് നിഖില്‍ മത്തായിയും ഭാര്യ അനുവും ഉള്‍പ്പെടെ നാലുപേര്‍ ഞായറാഴ്ച പുലര്‍ച്ചെ കലഞ്ഞൂര്‍ മുറിഞ്ഞകല്ലിലുണ്ടായ അപകടത്തില്‍ മരിച്ചതിനു പിന്നില്‍, കാറോടിച്ചയാളിന്റെ അശ്രദ്ധയാണെന്ന് റിപ്പോര്‍ട്ട്. കാര്‍ ഓടിച്ചത് ബിജു ആണെന്ന് സംശയമുണ്ട്.
അമിതവേഗത്തിലുമായിരുന്നു കാര്‍. അശ്രദ്ധയാണ് കാര്‍ അപകടത്തില്‍പ്പെടാനുള്ള കാരണമെന്നാണ് പ്രാഥമികമായി പൊലീസ് നിഗമനത്തിലെത്തിയിരിക്കുന്നത്. പുലര്‍ച്ചെയായതിനാല്‍ ഉറങ്ങിപ്പോയിരിക്കാനിടയുണ്ടെന്നു സംശയമുണ്ട്. കാര്‍ ശബരിമല തീര്‍ഥാടകരുടെ ബസ്സിലേക്ക് അമിത വേഗത്തില്‍ ഇടിച്ചുകയറുകയായിരുന്നു. നിഖിലും അനുവും പിന്‍സീറ്റിലായിരുന്നു. അനുവിന്റെ പിതാവ് ബിജു.പി.ജോര്‍ജ്ജും നിഖിലിന്റെ പിതാവ് ഈപ്പന്‍ മത്തായിയുമായിരുന്നു മുന്‍സീറ്റില്‍.
നവംബര്‍ 30-ന് മാത്രം വിവാഹിതനായ നിഖില്‍ മത്തായി നവവധു അനുവുമായി മധുവിധു ആഘോഷിച്ച് മലേഷ്യയില്‍ നിന്നും മടങ്ങിവരവേയായിരുന്നു അപകടത്തില്‍ ദാരുണാന്ത്യം. മധുവിധു ആഘോഷിച്ചുള്ള യാത്ര മരണത്തിലേക്കായി. മലേഷ്യയില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലിറങ്ങിയ നവദമ്പതിമാരെ അവിടെ നിന്നും കാറില്‍ കൂട്ടി നാട്ടിലേക്ക് വരുന്ന വഴിയില്‍ വീട്ടില്‍ നിന്നും കേവലം ഏഴു കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു ദുരന്തം പിടികൂടിയത്.
സംഭവത്തിൽ മിന്നൽ വേഗത്തിൽ നടന്നൊതൊന്നും വിശ്വസിക്കാനാവാതെ വിതുമ്പുകയാണ് ഉറ്റവരും ഈ കുടുംബത്തെ അറിയുന്ന നാട്ടുകാരും. കാറില്‍ നവദമ്പതിമാരെക്കൂടാതെ ഇരുവരുടെയും പിതാക്കന്‍മാര്‍ കൂടിയുണ്ടായിരുന്നു. ഇവരും അപകടസ്ഥലത്തു തന്നെ മരണപ്പെട്ടു.