വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയുടെ തീരപ്രദേശങ്ങളിൽ അതിശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. ചില പ്രദേശങ്ങളിൽ കാറ്റ് മണിക്കൂറിൽ 110 കി.മീ വേഗത്തിൽ എത്തുമെന്നും എൻവയൺമെൻ്റ് കാനഡ പ്രവചിക്കുന്നു. ശക്തമായ കാറ്റ് ഈ മേഖലയിലേക്ക് നീങ്ങുമ്പോൾ, കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും വൈദ്യുതി തടസ്സപ്പെടുകയും ചെയ്യും.
ബെല്ല ബെല്ല, ക്ലെംതു എന്നിവയുൾപ്പെടെ പ്രവിശ്യയുടെ മധ്യതീരത്തിൻ്റെ ചില ഭാഗങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെട്രോ വൻകൂവറിന് വടക്ക് ഭാഗത്തുള്ള ഹൗ സൗണ്ട് പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിൽ കാറ്റ് 100 കി.മീ വേഗത്തിൽ വീശുമെന്ന് പ്രതീക്ഷിക്കുന്നു. സ്ക്വാമിഷ്, ബ്രിട്ടാനിയ ബീച്ച്, ലയൺസ് ബേ എന്നിവയുൾപ്പെടെ വൻകൂവറിനെയും വിസ്‌ലറിനെയും ബന്ധിപ്പിക്കുന്ന സീ ടു സ്കൈ ഹൈവേയിലെ നിരവധി കമ്മ്യൂണിറ്റികളിലും മുന്നറിയിപ്പ് ബാധകമായിരിക്കും. അതേസമയം കഴിഞ്ഞ വാരാന്ത്യത്തിൽ ഉണ്ടായ ശക്തമായ കാറ്റ്, സീ ടു സ്കൈ പ്രദേശത്ത് മണ്ണിടിച്ചിലിന് കാരണമായിരുന്നു.