ബർലിൻ: ജർമനിയിൽ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറി അപകടം ഉണ്ടായ സംഭവത്തിൽ പരുക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും. പരുക്കേറ്റവർക്ക് ബെർലിനിലെ മാഗ്ഡെബർഗിലുള്ള ഇന്ത്യൻ എംബസി എല്ലാ രീതിയിലുള്ള സഹായങ്ങളും നൽകുകയാണെന്നും പരുക്കേറ്റ ഏഴ് പേരിൽ മൂന്ന് പേരെ ആശുപത്രയിൽ നിന്നും ഡിസ്ചാർജ് ചെയ്തെന്നും ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആകെ പരുക്കേറ്റ ഇരുനൂറോളം പേരിൽ 41 പേരുടെ നില ഗുരുതരമാണ്. സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
ബെർലിനിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള മാഗ്ഡെബർഗിൽ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി ഏഴു മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ഒൻപതു വയസുകാരൻ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. രണ്ടു പേർ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചിരുന്നു.
ആൾത്തിരക്കുള്ള മാർക്കറ്റിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു. അപകട സമയത്ത് ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാൾ ഡോക്ടറാണെന്നും 2006 മുതൽ ജർമനിയില്‍ സ്ഥിരതാമസമാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ മറ്റു പ്രതികളില്ലെന്നാണ് സൂചന.