ടൊറൻ്റോ : താപനില മൈനസ് 15 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഭവനരഹിതരെ സഹായിക്കാൻ രണ്ടു വാമിങ് സെൻ്ററുകൾ കൂടി തുറക്കുമെന്ന് ടൊറൻ്റോ സിറ്റി അറിയിച്ചു. 58 സെസിൽ സ്ട്രീറ്റിലുള്ള സെസിൽ കമ്മ്യൂണിറ്റി സെൻ്ററിലാണ് ഒരു വാമിങ് സെൻ്റർ തുറക്കുന്നത്. രണ്ടാമത്തെ വാമിങ് സെൻ്റർ 870 ക്വീൻ സ്ട്രീറ്റ് ഈസ്റ്റിലുള്ള ജിമ്മി സിംപ്സൺ റിക്രിയേഷൻ സെൻ്ററിലും ആരംഭിക്കും.
136 സ്പഡൈന റോഡ്, 81 എലിസബത്ത് സ്ട്രീറ്റ്, 12 ഹോംസ് അവന്യൂ, 55 ജോൺ സ്ട്രീറ്റിൽ മെട്രോ ഹാൾ, 885 സ്കാർബ്റോ ഗോൾഫ് ക്ലബ് റോഡ് എന്നിവിടങ്ങളിൽ അഞ്ച് വാമിങ് സെൻ്ററുകൾ സിറ്റി ആരംഭിച്ചിരുന്നു. എല്ലാ വാമിങ് സെൻ്ററുകളിലും വളർത്തുമൃഗങ്ങളെ പാർപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ ചിലതിൽ ഷവർ സൗകര്യവും ഉണ്ടായിരിക്കും. ആവശ്യമുള്ള ആളുകൾക്ക് വിശ്രമ സ്ഥലങ്ങൾ, ഭക്ഷണം, ശുചിമുറി സൗകര്യങ്ങൾ എന്നിവയും ലഭ്യമാണെന്ന് സിറ്റി അധികൃതർ അറിയിച്ചു. ഇതിനകം നിലവിലുള്ള കേന്ദ്രങ്ങളിൽ 242 ആളുകൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. പുതിയായ വാമിങ് സെൻ്ററുകളിൽ 60 പേർക്ക് കൂടി സൗകര്യം ഒരുക്കും.
നഗരത്തിൽ ഇന്ന് പകൽ താപനില മൈനസ് 15 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. രാത്രിയോടെ കാറ്റിനൊപ്പം താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. ഞായറാഴ്ച പകൽസമയത്തെ ഉയർന്ന താപനില മൈനസ് പത്ത് ഡിഗ്രി സെൽഷ്യസും രാത്രി താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസിലേക്കും എത്തും.