ഓട്ടവ : പുതുവത്സര തലേന്ന് ഹൈവേ 417-ൽ അമിതവേഗത്തിൽ വാഹനമോടിച്ച ഡ്രൈവർക്കെതിരെ കേസ്. മണിക്കൂറിൽ 164 കിലോമീറ്റർ വേഗത്തിൽ പോയ ഡ്രൈവറെ പിടികൂടുകയും സ്റ്റണ്ട് ഡ്രൈവിങ് നടത്തിയതിന് കേസെടുക്കുകയും ചെയ്തതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. ഇയാളുടെ ലൈസൻസ് 30 ദിവസത്തേക്ക് സസ്‌പെൻ്റ് ചെയ്തിട്ടുണ്ട്. കേസിൽ ശിക്ഷിക്കപ്പെട്ടാൽ 2,000 ഡോളർ പിഴയും ആറ് ഡീമെറിറ്റ് പോയിൻ്റുകളും ഒരു വർഷത്തെ ഡ്രൈവിങ് നിരോധനവും ഇയാൾ നേരിടേണ്ടിവരും.
അതേ രാത്രി തന്നെ ഇൻഷുറൻസ് ഇല്ലാത്ത നാല് ഡ്രൈവർമാർക്കെതിരെയും പൊലീസ് കേസെടുത്തതായി പറയുന്നു. പ്ലേറ്റ് പെർമിറ്റ് കാലഹരണപ്പെട്ടതായി ഓട്ടോമേറ്റഡ് ലൈസൻസ് പ്ലേറ്റ് റെക്കഗ്നിഷൻ (എഎൽപിആർ) ക്യാമറ അറിയിപ്പ് ഉദ്യോഗസ്ഥന് ലഭിച്ചതിനെത്തുടർന്നാണ് നിർത്തിയ വാഹനങ്ങളിലൊന്ന് പിടികൂടിയത്. അന്വേഷണത്തിന് ശേഷം വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 5000 ഡോളറാണ് പിഴ.