ന്യൂഡല്‍ഹി: അന്താരാഷ്ട്ര യാത്രാക്കാര്‍ക്ക് സൗജന്യ ചെക്ക് ഇന്‍ ബാഗേജ് പരിധി ഉയര്‍ത്തി എയര്‍ ഇന്ത്യ എക്‌സ് പ്രസ്. യു എ ഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളിലേക്ക് 30 കിലോ സൗജന്യ ബാഗേജായി കൊണ്ടുവരാം. 7 കിലോ ഹാന്‍ഡ് ബാഗേജും അനുവദിക്കും. മിഡില്‍ ഈസ്റ്റിലേക്കും സിംഗപ്പൂരിലേക്കുമാണ് ബാഗേജ് പരിധി ഉയര്‍ത്തിയിരിക്കുന്നതെന്ന് എയര്‍ ഇന്ത്യ എക്‌സ് പ്രസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ബാഗേജില്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് എക്‌സ് പ്രസ് ലൈറ്റ് തിരഞ്ഞെടുക്കാം. ഈ ടിക്കറ്റെടുക്കുന്നവര്‍ക്ക് 3 കിലോ ഹാന്‍ഡ് ബാഗേജ് കയ്യില്‍ കരുതാം. ലൈറ്റ് ടിക്കറ്റ് എടുത്ത ശേഷം പിന്നീട് ബാഗേജ് ചേര്‍ക്കാനുമാകും. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൂടുതല്‍ പണം നല്‍കി 20 കിലോ വരെ അധിക ചെക്ക് ഇന്‍ ബാഗേജെടുക്കാനുളള സൗകര്യവുമൊരുക്കിയിട്ടുണ്ട്.
എക്‌സ് പ്രസ് ബിസ് ടിക്കറ്റില്‍ 40 കിലോ ചെക്ക് ഇന്‍ ബാഗേജ് കൊണ്ടുപോകാനാകും. കൂടുതല്‍ സൗകര്യപ്രദമാകുന്ന രീതിയിലാണ് എക്‌സ് പ്രസ് ബിസ് ടിക്കറ്റില്‍ ഇരിപ്പിടമൊരുക്കിയിട്ടുളളത്. റീക്ലൈനര്‍ സീറ്റ്, ചെക്ക് ഇന്‍ ബാഗേജില്‍ മുന്‍ഗണന, ഭക്ഷണം എന്നിവയും ലഭിക്കും. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് 10 കിലോ സൗജന്യ ബാഗേജ് സൗകര്യവുമുണ്ട്. കുഞ്ഞിനും മുതിര്‍ന്നയാള്‍ക്കും കൂടി ഹാന്‍ഡ് ബാഗേജ് ഉള്‍പ്പെടെ 47 കിലോ വരെ കൊണ്ടുപോകാം.