ചായ പലരുടെയും ജീവിതത്തിൽ ഒരു പ്രധാന ഘടകമാണ്. പല ചായ പ്രേമികളും ദിവസത്തിൽ ഒന്നിലധികം തവണയാണ് ചായ കുടിക്കുന്നത്. കൂടുതലും സമ്മർദ്ദം ഒഴിവാക്കാൻ എന്ന പേരിലാണ് ചായകുടിയ്ക്കുന്നത്. എന്നാൽ ഇത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പറയുന്നത്.പലരും ചായ കൂടുതലായി ഉണ്ടാക്കി പിന്നീട് ആവശ്യമുള്ളപ്പോൾ എല്ലാം അത് ചൂടാക്കി കുടിക്കുകയും ചെയ്യും. ഈ ശീലം നമുക്ക് ദോഷകരമായി ബാധിക്കും. മിക്ക ഇന്ത്യക്കാരും ചായ വീണ്ടും ഉണ്ടാക്കുന്നതിനു പകരം നേരത്തെ തയ്യാറാക്കി വെച്ച ചായ വീണ്ടും ചൂടാക്കി കഴിക്കുന്നു, ഇത് ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് ലഖ്‌നൗവിലെ അപ്പോളോ മെഡിക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ കൂടിയായ പ്രീതി പാണ്ഡെ പറയുന്നത് .കുറേക്കാലം ഇത്തരത്തിൽ തിളപ്പിച്ച ചായ കുടിക്കുന്നത് ദോഷകരമാണ്. ഏറെ നേരമായി ഉണ്ടാക്കി വെച്ചിരിക്കുന്ന ചായയിൽ സൂക്ഷ്മാണുക്കൾ ഉണ്ടാകാൻ തുടങ്ങും. ഈ ബാക്ടീരിയകൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
പാലിൻ്റെ അളവ് കൂടുതൽ ആയതിനാൽ സൂക്ഷ്മജീവികളുടെ വളർച്ചയ്ക്ക് ഇത് അനുകൂലമാണ് എന്നും ഡോക്ടർ വ്യക്തമാക്കുന്നു.കൂടാതെ ചായ വീണ്ടും ചൂടാക്കുന്നത് അതിൻ്റെ പോഷകങ്ങളെ നശിപ്പിക്കും. ഇത് കുടിക്കുന്നത് വയറുവേദന പോലുള്ള അസ്വസ്ഥതകൾക്ക് കാരണമാകും. മാത്രവുമല്ല പാൽ ചായ പതിവായി കുടിക്കുന്നത് പല വ്യക്തികളിലും നിർജ്ജലീകരണത്തിന് കാരണമാകും. ചായയിലെ കഫീൻ വെള്ളം നിലനിർത്താനുള്ള ശരീരത്തിൻ്റെ കഴിവിനെ തടയുന്നത് വഴിയാണ് നിർജ്ജലീകരണം സംഭവിക്കുന്നത്.കൂടാതെ പാൽ ചായ അമിതമായി കഴിക്കുന്നത് മുഖക്കുരു പോലുള്ള ചർമ്മപ്രശ്നങ്ങൾക്കും കാരണമാകും. മിതമായ അളവിൽ ചായ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുമെങ്കിലും, അമിതമായി ഉപയോഗിക്കുന്നത് പല പ്രതികൂല ഘടകങ്ങൾക്കും വഴിയൊരുക്കും. അതുകൊണ്ടു തന്നെ രാത്രി ചായ കുടിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് ഉറക്കമില്ലായ്മ ഉണ്ടാക്കും. തയ്യാറാക്കി വെച്ച ചായ 15 മിനിറ്റിനു ശേഷം കുടിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്.