ന്യൂയോര്‍ക്ക്: ചൈനീസ് ചാറ്റ്ബോട്ടായ ഡീപ് സീക്ക് ഉപയോഗിക്കുന്നതിനെതിരെ യുഎസ് കോൺഗ്രസ് ഓഫീസുകൾക്ക് മുന്നറിയിപ്പ് . ഔദ്യോഗിക ഫോണുകളിലും കമ്പ്യൂട്ടറുകളിലും ടാബ്‌ലെറ്റുകളിലും ഡീപ് സീക്ക് ഇൻസ്‌റ്റാൾ ചെയ്യുന്നതിൽ നിന്ന് ഉദ്യോഗസ്ഥർക്ക് വ്യക്തമായ വിലക്കുണ്ട്. 2023-ൽ, പ്രത്യേക ജോലികൾക്കായി പണമടച്ചുള്ള പതിപ്പ് മാത്രം അനുവദിച്ചുകൊണ്ട്, ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിന് ഓഫീസ് പരിധികൾ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ, മൈക്രോസോഫ്റ്റ് കോപൈലറ്റ് ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കിയിരുന്നു, എന്നിരുന്നാലും ഭാവിയിൽ അംഗീകരിക്കപ്പെട്ടേക്കാവുന്ന സർക്കാർ നിയന്ത്രിത എഐ ടൂളുകൾ ഉപയോഗത്തിൽ വരുമെന്ന് റിപ്പോർട്ടുണ്ട്.
ഡീപ് സീക്ക് നിലവിൽ അവലോകനത്തിലാണെന്നും ഔദ്യോഗിക ഉപയോഗത്തിന് അംഗീകാരം നൽകിയിട്ടില്ലെന്നും യുഎസ് കോൺഗ്രസ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വ്യക്തമാക്കി. അമേരിക്കന്‍ ടെക് ഭീമന്മാരുടെ വിപണി മൂല്യത്തെ ഇല്ലാതാക്കിയായിരുന്നു ഡീപ് സീക്കിന്റെ വരവ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ചാറ്റ് ജിപിടിയോട് മത്സരിക്കാന്‍ പ്രാപ്തമാണ് ചൈനയുടെ ഈ പുതിയ എഐ മോഡല്‍. യുഎസിലെ ടെക് ലോകം ഉപയോഗിക്കുന്നതിനേക്കാള്‍ കുറഞ്ഞ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ചിപ്പുകള്‍ ഉപയോഗിച്ചാണ് മോഡല്‍ വികസിപ്പിച്ചതെന്ന് ഡീപ് സീക്ക്-ആര്‍1 നിര്‍മാതാക്കള്‍ പറഞ്ഞു. 60 ലക്ഷം ഡോളറില്‍ താഴെ മാത്രമാണ് ഡീപ് സീക്കിന്റെ നിർമാണ ചെലവ്. 2023-ല്‍ ചൈനയിലെ ഹാങ്ഷൗവിലാണ് 40 കാരനായ ലിയാങ് വെന്‍ഫെങ് നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോമായ ഡീപ് സീക്ക് സ്ഥാപിച്ചത്.