അബുദാബി: യുഎഇ യിൽ പൊതുമാപ്പ് കാലാവധിക്കുശേഷം നിരവധി വിസാനിയമലംഘകരെ അറസ്റ്റ് ചെയ്തതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അധികൃതർ. 6000 വിസാനിയമലംഘകരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം നിയമലംഘകരെ പിടികൂടാൻ വേണ്ടി നടത്തിയത് 270 പരിശോധനകളാണ്. പിടിക്കപ്പെട്ടവരിൽ 93 ശതമാനം ആളുകളെയും നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വിവിധ സർക്കാർസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിശോധനകൾ നടത്തുന്നതെന്ന് ഐ.സി.പി.യിലെ ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സഈദ് സലേം അൽ ഷംസി പറഞ്ഞു. നിയമലംഘകർക്ക് അഭയവും ജോലിയും നൽകുന്നവർക്കെതിരേയും കർശനനടപടികളെടുക്കും. നിയമലംഘകരെ സഹായിക്കുന്നവർക്ക് തടവും 10,000 ദിർഹം (ഏകദേശം 2,37,000 രൂപ) വരെ പിഴയും ലഭിക്കുമെന്ന് എൻട്രി ആൻഡ് റെസിഡൻറ്‌സ് ഓഫ് ഫോറിനേഴ്സ് നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അൽ ഷംസി പറഞ്ഞു.