പാരിസ്: ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള ഉചിതമായ സമയമിതാണെന്ന് അന്താരാഷ്‌ട്ര നിക്ഷേപകരോട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരിസിൽ നടന്ന 14-ാമത് ഇന്ത്യ-ഫ്രാൻസ് CEO ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
CEO ഫോറത്തിൽ നിരവധി ഫ്രഞ്ച് വ്യവസായികളും ബിസനസ് നേതാക്കളും പങ്കെടുത്തു.എല്ലാ രാജ്യങ്ങളുടെയും പുരോഗതിയും ഇന്ത്യയുടെ വികസനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇതിനുള്ള ഉദാഹരണം ഇന്ന് വ്യോമയാന മേഖലയിൽ കാണാം. വിമാനങ്ങൾക്കായി വമ്പൻ ഓർഡറുകളാണ് ഇന്ത്യൻ കമ്പനികൾ നൽകിയിരിക്കുന്നത്. ഇന്ത്യയിൽ 120 പുതിയ വിമാനത്താവളങ്ങൾ കൂടി പ്രവർത്തനക്ഷമമാകാൻ പോവുകയാണ്. അങ്ങനെയെങ്കിൽ ഭാവിയിലെ സാധ്യതകൾ എന്തെല്ലാമായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദശാബ്ദത്തിനിടെ ഇന്ത്യയിൽ വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് നിങ്ങൾക്ക് ബോധ്യമുണ്ടാകും. സ്ഥിരതയുള്ള നയങ്ങളാണ് ഇന്ത്യ നിലവിൽ പാലിക്കുന്നത്. പരിഷ്കാരങ്ങൾ, നടപ്പിലാക്കൽ, രൂപാന്തരപ്പെടൽ എന്ന മാർഗത്തിലൂടെയാണ് ഇന്നത്തെ ഇന്ത്യ സഞ്ചരിക്കുന്നത്. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്യവ്യവസ്ഥയും ലോകത്ത് ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥയും ഇന്ത്യയുടേതാണ്. വൈകാതെ തന്നെ മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ എത്തപ്പെടുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.