ഓറിഗൻ : കോഴിയിറച്ചിയിൽ നിന്ന് ഉണ്ടാക്കിയ വളർത്തുമൃഗങ്ങളുടെ ഭക്ഷണത്തിൽ നിന്നും പക്ഷിപ്പനി ബാധിച്ച ഓറിഗനിലെ രണ്ട് പൂച്ചകളെ ദയാവധം ചെയ്തതായി സംസ്ഥാന കൃഷി ഉദ്യോഗസ്ഥർ. പക്ഷിപ്പനി ബാധിച്ച രണ്ട് പൂച്ചകളും വളർത്തുമൃഗങ്ങളുടെ ഭക്ഷണമായ വൈൽഡ് കോസ്റ്റ് റോ കഴിച്ചതായി ഓറിഗൻ കൃഷി വകുപ്പ് അറിയിച്ചു. പരിശോധനയിൽ പൂച്ചകളിലും ഭക്ഷണ സാമ്പിളുകളിലും പക്ഷിപ്പനിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായും വകുപ്പ് റിപ്പോർട്ട് ചെയ്തു. വെവ്വേറെ വീടുകളിലുള്ള പൂച്ചകളുടെ ഉടമസ്ഥർ രോഗത്തിൻ്റെ തീവ്രത കണക്കിലെടുത്ത് ദയാവധം നടത്താൻ തീരുമാനിക്കുകയായിരുന്നു. വളർത്തുമൃഗങ്ങൾക്ക് വേവിക്കാത്തതോ പച്ചമാംസമോ നൽകരുതെന്നും പൊതുജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.

അസംസ്‌കൃത ടർക്കി ഉപയോഗിച്ചുള്ള വളർത്തുമൃഗങ്ങളുടെ ഭക്ഷണം കഴിച്ച് പക്ഷിപ്പനി ബാധിച്ച് ഓറിഗനിൽ മറ്റൊരു പൂച്ച ചത്തതിനെ തുടർന്ന് മിനസോടയിലും സൗത്ത് ഡെക്കോഡയിലും ടർക്കികൾക്കുള്ള പരിശോധന വർധിപ്പിക്കാൻ യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെൻ്റ് കഴിഞ്ഞ മാസം ശുപാർശ ചെയ്തിരുന്നു.

2022-ൽ യുഎസിൽ പക്ഷിപ്പനി അണുബാധ ആരംഭിച്ചതിന് ശേഷം ലക്ഷക്കണക്കിന് കോഴികളെയും ഏപ്രിൽ മുതൽ ആയിരക്കണക്കിന് കന്നുകാലികളെയും ഏകദേശം 70 ആളുകളെയും ഈ വൈറസ് ബാധിച്ചു. എന്നാൽ, പൊതുജനങ്ങൾക്ക് അപകടസാധ്യത കുറവാണെന്ന് സിഡിസി പറഞ്ഞു.