ന്യൂഡൽഹി: ടെസ്‌ല ഇൻകോർപ്പറേറ്റഡ്, ഇന്ത്യയിൽ റിക്രൂട്ട്‌മെന്റ് ആരംഭിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇലോൺ മസ്കും യുഎസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണ് നീക്കം. കമ്പനി ഇന്ന് അവരുടെ ലിങ്ക്ഡ്ഇൻ പേജിൽ കസ്റ്റമർ ഫേസിങ്, അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ടമെന്റ് എന്നീ മേഖലയിൽ 13 തസ്തികകൾ പരസ്യപ്പെടുത്തി.മുംബൈയിലും ഡൽഹിയിലുമായാണ് ജോലി നിയമനം. ഉയർന്ന ഇറക്കുമതി തീരുവ കാരണം ടെസ്‌ലയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. എന്നാൽ അടുത്തിടെ, 40,000 ഡോളറിൽ കൂടുതൽ വിലയുള്ള പ്രീമിയം വാഹനങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഇന്ത്യ 110% ൽ നിന്ന് 70% ആയി കുറച്ചു. ഇത് ടെസ്‌ലയെ ഇന്ത്യയിലേക്ക് ആകർഷിച്ചതിൽ പ്രധാനഘടകമാണ്.

ചൈനയുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ ഇലക്ട്രിക് വാഹന മേഖല ചെറുതാണെങ്കിലും, വിൽപ്പന കുറയുന്ന സാഹചര്യത്തിൽ ടെസ്‌ലയ്ക്ക് ഇന്ത്യ വലിയ വിപണന സാധ്യതയാണ് തുറന്നിടുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏകദേശം 100,000 ഇലക്ട്രിക് കാർ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ചൈനയിൽ അതേസമയം 11 ദശലക്ഷം യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞയാഴ്ചയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇലോൺ മസ്കും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഇതുവഴി ടെസ്‌ലയ്ക്ക് ഇന്ത്യയിലേക്കുള്ള കച്ചവടതാല്പര്യത്തെ മോദി സ്വാഗതം ചെയ്യുകയായിരുന്നു.
