വാഷിങ്ടൺ: ദീർഘകാലമായുള്ള വിദേശനയത്തിൽ മാറ്റം വരുത്തി യുഎസ്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും റഷ്യയെ വിമർശിച്ച് കൊണ്ടുള്ള പ്രമേയത്തെ യുഎന്നിൽ യുഎസ് എതിർത്ത് വോട്ട് ചെയ്തു. യുക്രൈൻ യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് യുഎസ് റഷ്യയെ പിന്തുണച്ച് രംഗത്തെത്തുന്നത്. യുഎസിനൊപ്പം ഇസ്രയേൽ, ഉത്തരകൊറിയ തുടങ്ങിയ 18 രാജ്യങ്ങളും പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. 93 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 65 രാജ്യങ്ങളാണ് വിട്ടുനിന്നത്.
റഷ്യയെ രൂക്ഷമായി വിമർശിക്കുന്നതാണ് പ്രമേയം. ഇതിനൊപ്പം യുക്രൈനിന്റെ അതിർത്തികളെ അംഗീകരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വർഷമായി യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശം ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. അത് യുക്രൈനെ മാത്രമല്ല ആഗോള സുസ്ഥിരതക്ക് തന്നെ ഭീഷണിയാണെന്നും പ്രമേയത്തിൽ പറയുന്നു.എത്രയും പെട്ടെന്ന് സമാധാനപരമായ ഒരു പരിഹാരം യുക്രൈൻ യുദ്ധത്തിന് ഉണ്ടാവണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.

യുഎൻ പ്രമേയത്തെ വോട്ട് ചെയ്ത് തോൽപ്പിക്കാനുള്ള യുഎസ് നീക്കം പരാജയപ്പെട്ടുവെങ്കിലും സുരക്ഷാസമിതിയിൽ അവർ പുതിയ പ്രമേയം കൊണ്ടു വന്നു. യുക്രൈനിൽ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം റഷ്യയെ വിമർശിക്കുന്നില്ല. ഇതിന് യുഎൻ സെക്യൂരിറ്റി കൗൺസിലിൽ അംഗീകാരം നൽകിയിട്ടുണ്ട്. തുടർന്ന് വോട്ടെടുപ്പിൽ 93 പേർ പ്രമേയത്തെ അനുകൂലിക്കുകയും 73 രാജ്യങ്ങളിൽ വിട്ടുനിൽക്കുകയും എട്ട് പേർ എതിർത്ത് വോട്ട് ചെയ്യുകയും ചെയ്തു.