ടൊറൻ്റോ : വിദേശത്ത് നിന്നും ടൊറൻ്റോ പിയേഴ്സൺ എയർപോർട്ടിൽ എത്തിയ ഒരാൾക്ക് അഞ്ചാംപനി സ്ഥിരീകരിച്ചതായി യോർക്ക് റീജനൽ പബ്ലിക് ഹെൽത്ത്. അണുബാധിതൻ ഫെബ്രുവരി 22-ന് ദക്ഷിണ കൊറിയയിലെ സിയോളിൽ നിന്നും KE 073 കൊറിയൻ എയർ ഫ്ലൈറ്റിൽ രാവിലെ 9:35-ന് ടൊറൻ്റോ വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വിമാനത്തിൽ ഉണ്ടായിരുന്നവർക്കും ഫെബ്രുവരി 22-ന് രാവിലെ 9:35 മുതൽ ഉച്ചയ്ക്ക് 1 വരെ ആ എയർപോർട്ട് ടെർമിനലിൽ ഉണ്ടായിരുന്നവർക്കും അഞ്ചാംപനി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി.

ഫെബ്രുവരി 24-ന് രാവിലെ 10:45 മുതൽ രാത്രി 9 വരെ സൗത്ത്‌ലേക്ക് ഹെൽത്ത് അത്യാഹിത വിഭാഗത്തിലും ഫെബ്രുവരി 25 ന് രാവിലെ 8:25 മുതൽ 4 മണി വരെ പീഡിയാട്രിക് യൂണിറ്റിലോ എത്തിയവർക്കും അഞ്ചാംപനി ബാധിച്ചിരിക്കാം. ഈ സ്ഥലങ്ങളിൽ 12 മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുമായി എത്തിയവരും ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവർ യോർക്ക് റീജനൽ പബ്ലിക് ഹെൽത്തുമായി ബന്ധപ്പെടണം. വ്യാഴാഴ്ച വരെ, ഒൻ്റാരിയോയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 78 പുതിയ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തു. 2013 മുതൽ 2023 വരെ പ്രവിശ്യയിൽ രേഖപ്പെടുത്തിയ മൊത്തം 101 അണുബാധകളെ ഇത് മറികടക്കുന്നു.

ചെറിയ കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ചാംപനി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിലൂടെയാണ് അഞ്ചാംപനി പടരുന്നത്. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവന്ന നിറം, തുടങ്ങിയവയാണ് അഞ്ചാംപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾക്ക് ശേഷം ചുണങ്ങു പ്രത്യക്ഷപ്പെടുന്നു. ഇത് ആദ്യം മുഖത്തും കഴുത്തിലും ആരംഭിച്ച് നെഞ്ചിലേക്കും കൈകളിലേക്കും കാലുകളിലേക്കും വ്യാപിക്കും. ചുണങ്ങു ഏകദേശം നാല് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും. വായ്ക്കുള്ളിൽ ചെറിയ വെളുത്ത പാടുകളും ഉണ്ടാകാം. അഞ്ചാംപനി വൈറസ് ബാധിച്ച് ഏഴ് ദിവസത്തിന് ശേഷം രോഗലക്ഷണങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.