ഓട്ടവ : കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ കാനഡയിലുടനീളം നൂറിലധികം ആളുകൾ അറസ്റ്റിലായതായി ആർസിഎംപി. കുട്ടികളെ ലൈംഗികാതിക്രമത്തിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ട് പ്രോജക്ട് സ്റ്റീൽ എന്ന പേരിൽ ആരംഭിച്ച അന്വേഷണത്തിലാണ് അറസ്റ്റ്. ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ്, കെബെക്ക് പ്രൊവിൻഷ്യൽ പൊലീസ് സർവീസ്, RCMP-യുടെ നാഷണൽ ചൈൽഡ് എക്‌സ്‌പ്ലോയിറ്റേഷൻ ക്രൈം സെൻ്റർ എന്നിവയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

അന്വേഷണത്തിൽ ലൈംഗികാതിക്രമത്തിന് ഇരയായ നിരവധി കുട്ടികളെ കണ്ടെത്തുകയും 37 കുട്ടികളെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായും ആർസിഎംപി ഉദ്യോഗസ്ഥൻ മാത്യു ജിറാർഡ് അറിയിച്ചു. രാജ്യത്തുടനീളം നടന്ന അന്വേഷണത്തിൽ മൊത്തം 1,132 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികൾക്കെതിരെ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വയ്ക്കൽ, വിതരണം ചെയ്യൽ, ശേഖരിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും നിലവിലുള്ളത് പ്രാഥമിക കണക്കുകൾ മാത്രമാണെന്നും മാത്യു ജിറാർഡ് പറയുന്നു. കുട്ടികളുടെ സംരക്ഷണത്തിന് നിയമപാലകരും സർക്കാരും സർക്കാരിതര സംഘടനകളും സാങ്കേതിക കമ്പനികളും ഒരുമിച്ച് പ്രവർത്തിക്കുന്ന സംയുക്ത പദ്ധതി അനിവാര്യമാണെന്നും അദ്ദേഹം നിർദ്ദേശിച്ചു.