ഹാലിഫാക്സ് : നോവസ്കോഷ ഷെൽബേൺ കൗണ്ടിയിൽ ഏവിയൻ ഇൻഫ്ലുവൻസ സ്ഥിരീകരിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. മാർച്ച് 4-ന് ഈ മേഖലയിലെ വാണിജ്യേതര വസ്തുവിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. മറ്റ് പ്രദേശങ്ങളിലേക്ക് രോഗം പടരുന്നത് തടയാൻ വാണിജ്യ, വാണിജ്യേതര കോഴി, മുട്ട, മറ്റ് ഉപോൽപ്പന്നങ്ങൾ എന്നിവയുടെ വിതരണം നിയന്ത്രിക്കുന്നതിനായി ഷെൽബേൺ കൗണ്ടിയെ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രണ മേഖലയിൽ ഷെൽബേൺ, കാൾട്ടൺ വില്ലേജ്, ബിർച്ച്ടൗൺ, മക്നട്ട്സ് ദ്വീപ് എന്നിവ ഉൾപ്പെടുന്നു.

നിലവിലെ കേസ് ഭക്ഷ്യ വിതരണത്തെയോ വിലയെയോ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും, വാണിജ്യ ഫാമുകളിലേക്ക് വൈറസ് പടരുമെന്ന് ആശങ്കയുണ്ടെന്ന് നോവസ്കോഷ ചിക്കൻ ഫാർമേഴ്‌സിൻ്റെ ചെയർമാനും പൗൾട്രി എമർജൻസി റെസ്‌പോൺസ് പ്രിപ്പാർഡ്‌നെസ് കമ്മിറ്റി ലീഡറുമായ ആമി വാൻഡർഹൈഡ് പറഞ്ഞു. മുറിവേറ്റതോ അസുഖമുള്ളതോ ചത്തതോ ആയ പക്ഷിയെ കണ്ടെത്തുന്നവർ 1-800-565-2224 എന്ന നമ്പറിൽ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി വിവരം അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.