മൺട്രിയോൾ : അഞ്ചാംപനി ബാധിച്ച ഒരാൾ മാർച്ച് 3-ന് ബെൽ സെൻ്ററിൽ നടന്ന എൻഎച്ച്എൽ മത്സരം കാണാൻ എത്തിയതായി മൺട്രിയോൾ പബ്ലിക് ഹെൽത്ത് മുന്നറിയിപ്പ് നൽകി. ഇയാൾ അഞ്ചാംപനിക്കെതിരെയുള്ള വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഡിസംബർ പകുതി മുതൽ മാർച്ച് 7 വരെ കെബെക്കിൽ 31 അഞ്ചാംപനി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മൺട്രിയോളിന് സമീപമുള്ള ലോറൻഷ്യൻസ് മേഖലയിലെ 24 കേസുകളും ഉൾപ്പെടുന്നു.

സ്റ്റേഡിയത്തിൽ 111 മുതൽ 117 വരെയുള്ള സീറ്റുകൾ ഉൾപ്പെടുന്ന ഭാഗത്ത് വൈകിട്ട് അഞ്ചര മുതൽ മത്സരം തീരുന്നത് വരെ ഇയാൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഏരിയയിൽ മത്സരം കാണാനെത്തിയവരോ കൺസഷൻ തൊഴിലാളികളോ ആയിരുന്നവർക്ക് അഞ്ചാംപനി ബാധിച്ചിരിക്കാം. കൂടാതെ സ്റ്റേഡിയത്തിനുള്ളിലെ ടിം ഹോർട്ടൺസ്, പിസ്സ പിസ്സ എന്നിവയിലെ തൊഴിലാളികൾക്കും അഞ്ചാംപനി ബാധിച്ചതായി കണക്കാക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. അഞ്ചാംപനിക്കെതിരെ വാക്സിനേഷൻ എടുക്കാത്ത സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നവർ മാർച്ച് 17 വരെ വീട്ടിൽ ഐസൊലേറ്റ് ചെയ്യണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.