വിനിപെഗ് : അടുത്ത വർഷം മുതൽ മാനിറ്റോബ നിവാസികളുടെ വൈദ്യുതി ബിൽ അൽപ്പം കൂടിയേക്കാം. അടുത്ത മൂന്ന് വർഷം 3.5% വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന് മാനിറ്റോബ ഹൈഡ്രോ അറിയിച്ചു. 2026, 2027, 2028 വർഷങ്ങളിൽ നിരക്ക് വർധിപ്പിക്കാൻ പബ്ലിക് യൂട്ടിലിറ്റീസ് ബോർഡിന് അപേക്ഷ നൽകിയതായി മാനിറ്റോബ ഹൈഡ്രോ റിപ്പോർട്ട് ചെയ്തു.

നിരക്ക് വർധന നടപ്പിലാകുന്നതോടെ പ്രതിമാസം മണിക്കൂറിന് 1,000 കിലോവാട്ട് ഉപയോഗിക്കുന്നതിന് ശരാശരി ഓരോ വർഷവും യഥാക്രമം 3.69 ഡോളർ, 3.81 ഡോളർ, 3.94 ഡോളർ എന്നിങ്ങനെ വർധനയായിരിക്കും ഉണ്ടാകുക. പ്രതിമാസം മണിക്കൂറിന് 2,000 കിലോവാട്ട് ഉപയോഗിക്കുന്ന ആളുകൾക്ക് 7.05 ഡോളർ, 7.28 ഡോളർ, 7.53 ഡോളർ എന്നിങ്ങനെയും നിരക്ക് വർധിപ്പിക്കുമെന്ന് ഹൈഡ്രോ പറയുന്നു. വരൾച്ചയും കുറഞ്ഞ ജലനിരപ്പും അടക്കമുള്ള വെല്ലുവിളികൾ തങ്ങൾ നേരിടുന്നതായി മാനിറ്റോബ ഹൈഡ്രോയുടെ പ്രസിഡൻ്റും സിഇഒയുമായ അലൻ ഡാൻറോത്ത് പ്രസ്താവനയിൽ പറഞ്ഞു. വരൾച്ച കാരണം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ രണ്ടു വർഷവും സാമ്പത്തിക നഷ്ടം ഉണ്ടായതായി അദ്ദേഹം പറയുന്നു. കൂടാതെ കാലപ്പഴക്കം നേരിടുന്ന ഇൻഫ്രാസ്ട്രക്ചർ പരിപാലിക്കുന്നതിനും നവീകരിക്കുന്നതിനും കാര്യമായ ചിലവ് നേരിടേണ്ടിവരുന്നു. നിരക്ക് വർധന നടപ്പിലാക്കിയാലും മാനിറ്റോബയിലെ വൈദ്യുതി നിരക്ക് വടക്കേ അമേരിക്കയിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്നും അലൻ ഡാൻറോത്ത് പറയുന്നു. എന്നാൽ, പബ്ലിക് യൂട്ടിലിറ്റീസ് ബോർഡാണ് നിരക്ക് വർധനയിൽ അന്തിമ തീരുമാനമെടുക്കുക.