ഷാർലെറ്റ്ടൗൺ : ഹാരിംഗ്ടൺ സ്വദേശിനിയ്ക്കെതിരെ മോഷണക്കുറ്റം ചുമത്തി ആർസിഎംപി. പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഹാരിംഗ്ടണിലെ വസതിയിൽ നിന്ന് വിലകൂടിയ വസ്തുക്കൾ മോഷ്ടിച്ചതിന് അറസ്റ്റിലായ ഹോളി ഹൾ എന്ന യുവതിയിൽ നിന്ന് മയക്കുമരുന്നും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കുറ്റകൃത്യത്തിലൂടെ നേടിയ 5,000 ഡോളറിൽ കൂടുതലുള്ള സ്വത്ത് കൈവശം വയ്ക്കൽ, വിടുതൽ ഉത്തരവ് ലംഘിക്കൽ, ആയുധം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേ താമസസ്ഥലത്ത് നിന്ന് രണ്ട് പുരുഷന്മാരെയും മറ്റൊരു സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് അവരെ വിട്ടയച്ചു. സ്ത്രീയിൽ നിന്ന് പിടിച്ചെടുത്തവയിൽ പുരാവസ്തുക്കളും കുടുംബ പാരമ്പര്യ വസ്തുക്കളും കൂടാതെ, കൊക്കെയ്ൻ, 124 അജ്ഞാത ഗുളികകൾ, കരടി സ്പ്രേ എന്നിവയും ഉൾപ്പെടുന്നതായി ആർസിഎംപി പ്രസ്താവനയിൽ പറഞ്ഞു. 2024 നവംബറിൽ പിഇഐയിലെ സെന്റ് ജോർജ്ജസ് കമ്മ്യൂണിറ്റിയിൽ നടന്ന അതിക്രമിച്ചു കയറലുമായി ബന്ധപ്പെട്ടാണ് അന്വേഷണവും തിരച്ചിലും എന്ന് ആർസിഎംപി പറഞ്ഞു.

പ്രവിശ്യ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 2025 ഏപ്രിൽ 1 ന് വീണ്ടും ഹാജരാക്കും. സംഘത്തിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് തിരയുകയാണെന്നും പൊലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുന്നു.