ബാങ്കോക്ക്: മ്യാന്മാർ ഭൂചലനം അതീവ അടിയന്തരാവസ്ഥയാണെന്ന് ലോകാരോഗ്യ സംഘടന. ജീവൻ രക്ഷിക്കാനും പകർച്ചവ്യാധികൾ തടയുന്നതിനുമായി 8 മില്യൺ ഡോളർ അടിയന്തരമായി ആവശ്യപ്പെട്ടു. ഭൂചലനത്തിൽ മരണം 17000 കടന്നതായി സ്ഥിരീകരിച്ചു. കൂടാതെ, 3,400 പേർക്ക് പരുക്കേൽക്കുകയും 300 ഓളം പേരെ കാണാതാവുകയും ചെയ്തതായി ഭരണകൂടം വ്യക്തമാക്കി.
ആശയവിനിമയ സംവിധാനങ്ങൾ നിലച്ചതോടെ, ഒറ്റപ്പെട്ട സ്ഥലങ്ങളിലടക്കം രക്ഷാ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ദുരന്തത്തിന്റെ യഥാർത്ഥ വ്യാപ്തി പുറത്തുവരുന്നതേയുള്ളൂവെന്നും മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.

മ്യാന്മറിൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായി.