അബുദാബി: പെരുന്നാൾ ദിനത്തിൽ സഹഭരണാധികാരികളെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. പരിപാടിയിൽ വിവിധ എമിറേറ്റുകളുടെ ഭരണാധികാരികളും കിരീടാവകാശികളും പങ്കെടുത്തു.
അബുദാബിയിലെ ഖസർ അൽ മുഷ്റിഫിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. സ്വീകരണ പരിപാടിയിൽ പ്രസിഡന്റ് എല്ലാവർക്കും പെരുന്നാൾ ആശംസകൾ നേർന്നു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, ഉമ്മുൽഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ സ്വീകരണ പരിപാടിയിൽ സന്നിഹിതർ ആയിരുന്നു. അതേസമയം, സാഹോദര്യം ഊട്ടിയുറപ്പിച്ചും രാജ്യപുരോഗതിക്കും ജനക്ഷേമത്തിനും ഒരുമിച്ചു പ്രവർത്തിക്കുമെന്ന പ്രതിജ്ഞ പുതുക്കിയുമാണ് ഭരണാധികാരികൾ മടങ്ങിയത്