മൺട്രിയോൾ : വേതന വർധന, ജോലിഭാരം, തൊഴിലാളികൾക്കുള്ള ബോണസ്, പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്കുള്ള സഹായം എന്നിവയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മൂന്ന് ദിവസത്തെ പണിമുടക്കിന് തുടക്കം കുറിച്ച് കെബെക്കിലെ ഡേകെയർ ജീവനക്കാർ (സിപിഇ). ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന പണിമുടക്കിൽ പ്രവിശ്യയിലെ 400 ഡേകെയറുകളിലെ ജീവനക്കാർ പങ്കെടുക്കും. മൂന്ന് ദിവസത്തെ പണിമുടക്കിന് പുറമെ വ്യാഴാഴ്ച ദേശീയ അസംബ്ലിക്ക് മുന്നിൽ ജീവനക്കാർ പ്രകടനം നടത്തും.

പണിമുടക്കുന്ന ജീവനക്കാർ CSN-ൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള Fédération de la santé et des Services sociaux (FSSS)-ൽ ഉൾപ്പെട്ട യൂണിയനുകളിലെ അംഗങ്ങളാണ്. CSQ, FTQ എന്നിവയുമായി അഫിലിയേറ്റ് ചെയ്‌ത മറ്റ് ജീവനക്കാർ മൂന്ന് മാസങ്ങൾക്കുമുമ്പ് അവരുടെ കരാർ പുതുക്കിയിരുന്നു. പ്രവിശ്യാ സർക്കാരുമായി ഇതുവരെ കരാറിൽ എത്താത്ത ഒരേയൊരു യൂണിയനാണ് FSSS. ഏർലി ചൈൽഡ്ഹുഡ് സെൻ്ററുകളിൽ ഈ തൊഴിലാളികളിൽ ഏറ്റവും കൂടുതൽ പേരെ പ്രതിനിധീകരിക്കുന്നത് FSSS ആണ്.