വാഷിങ്ടൻ: നാസയുടെ ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) മേധാവിയും ഇന്ത്യൻ വംശജയുമായ നീല രാജേന്ദ്രനെ പുറത്താക്കി യുഎസ് പ്രസിഡന്റ്റ് ഡോണൾഡ് ട്രംപ്. ട്രംപിൻ്റെ എക്സിക്യൂട്ടിവ് ഉത്തരവിനെ തുടർന്നാണ് നീക്കം.
നീല രാജേന്ദ്രയെ പിരിച്ചുവിട്ടതായി നാസയാണ് അറിയിച്ചത്. ഡിഇഐ യുഎസ് പൗരൻമാരെ വംശം, നിറം, ലിംഗഭേദം എന്നിവയുടെ അടിസ്‌ഥാനത്തിൽ ഭിന്നിപ്പിച്ചെന്നും നികുതിദായകരുടെ പണം പാഴാക്കിയെന്നും ആരോപിച്ചാണ് പിരിച്ചുവിടൽ.

കഴിഞ്ഞാഴ്ച നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി നീല രാജേന്ദ്രയെ പ്രവർത്തനം അവസാനിപ്പിച്ചെന്ന് അവരുടെ ജീവനക്കാരെ അറിയിച്ചിരുന്നു. മാർച്ചിൽ ഡോണൾഡ് ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് നാസ അവരുടെ ഡൈവേഴ്സിറ്റി ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. പക്ഷേ നീല രാജേന്ദ്ര അവരുടെ ചുമതലകളിൽ തുടരുകയായിരുന്നു. മാർച്ച് 10ന് നീല രാജേന്ദ്രയെ ‘ഓഫിസ് ഓഫ് ടീം എക്സലൻസ് ആൻഡ് എംപ്ലോയി സക്സസ്’ മേധാവിയാക്കുമെന്ന് നാസ ജീവനക്കാരെ അറിയിച്ചിരുന്നെങ്കിലും പുതിയ ഉത്തരവിലൂടെ അവരെ ചുമതലകളിൽനിന്ന് പൂർണമായും ഒഴിവാക്കുകയായിരുന്നു.