വാഷിങ്ടൻ: ഹാർവാർഡ് സര്‍വകലാശാലയ്ക്കുള്ള ഫണ്ടിങ് മരവിപ്പിച്ച് ട്രംപ് ഭരണകൂടം. ക്യാമ്പസിൽ ജൂത വിരോധം അവസാനിപ്പിക്കുന്നതിനായി വൈറ്റ് ഹൗസ് മുന്നോട്ട് വച്ച നിർദേശങ്ങൾ സർവകലാശാല നിരസിച്ചതിനെ തുടർന്നാണ് ഫണ്ടിങ് മരവിപ്പിച്ചത്.
2.2 ബില്യൺ ഡോളറിന്റെ ഫെഡറൽ ഫണ്ടിങ്ങാണ് ട്രംപ് ഭരണകൂടം മരവിപ്പിച്ചത്.
സർവകലാശാലയുടെ 2.2 ബില്യൺ ഡോളറിന്റെ മൾട്ടി-ഇയർ ഗ്രാന്റുകൾ തടഞ്ഞുവച്ചതായും 60 മില്യൺ ഡോളറിന്റെ സർക്കാർ കരാറുകൾ മരവിപ്പിച്ചതായും ജൂത വിരോധം തടയുന്നതിനായുള്ള ട്രംപിന്റെ സംയുക്ത ടാസ്‌ക് ഫോഴ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു.

സർക്കാർ മുന്നോട്ടുവച്ച ചില ആവശ്യങ്ങൾ ജൂതവിരുദ്ധതയെ ചെറുക്കാൻ ലക്ഷ്യമിട്ടുള്ളതാണെങ്കിലും, ഭൂരിഭാഗവും ഹാർവാർഡിലെ ബൗദ്ധിക സാഹചര്യങ്ങളുടെ നേരിട്ടുള്ള സർക്കാർ നിയന്ത്രണമാണ് ലക്ഷ്യമിടുന്നതെന്ന് ചൂണ്ടികാട്ടിയാണ് സർവകലാശാല നിർദേശങ്ങൾ നിരസിച്ചത്. സർവകലാശാല അതിന്റെ സ്വാതന്ത്യമോ ഭരണഘടനപരമായ അവകാശങ്ങളോ ഉപേക്ഷിക്കാൻ തയാറാകില്ലെന്നും ഹാർവാർഡ് പ്രസിഡന്റ് അലൻ ഗാർബർ വ്യക്തമാക്കി.