ഗാസ : വടക്കൻ ഗാസയിലെ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഗാസയിലെ ടുഫയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന സ്കൂളിനു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 10 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതോടെ ജനുവരിയിലെ വെടിനിർത്തലിനുശേഷം പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. നഗരത്തിലെ ഡുറയിൽ കുട്ടികളുടെ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിൽ തീവ്രപരിചരണ വിഭാഗവും സോളർ പ്ലാന്റും തകർ ന്നു. വൈദ്യുതി നിലച്ചതോടെ ആശുപത്രിയുടെ പ്രവർത്തനം തകരാറിലായി.

അതേസമയം ഇസ്രയേൽ രാജ്യാന്തര നിയമങ്ങൾ പാലിക്കണമെന്നും ഗാസയിലേക്കുള്ള സഹായം തടയരുതെന്നും ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ സംയുക്തമായി ആവശ്യപ്പെട്ടു. ഇതിനിടെ, യെമനിലെ ഹൂതി വിമതർ ഇതാദ്യമായി വടക്കൻ ഇസ്രയേലിലെ ഹൈഫ, ക്രയോട്ട് എന്നിവിടങ്ങളിൽ മിസൈൽ ആക്രമണം നടത്തി. ലക്ഷ്യത്തിലെത്തും മുൻപ് മിസൈലുകളെല്ലാം തകർത്തെന്ന് ഇസ്രയേൽ സേന പറഞ്ഞു. ഇസ്രയേലിന്റെ ഡ്രോൺ വെടിവച്ചിട്ടതായി ഹൂതികൾ അവകാശപ്പെട്ടു.