വാഷിങ്ടൺ: വിദ്യാഭ്യാസ സംവിധാനത്തിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രാഷ്ട്രീയ ഇടപെടലുകളെ അപലപിച്ച് തുറന്നകത്തുമായി നൂറിലേറെ യുഎസ് സർവകലാശാലകൾ. പ്രിൻസ്റ്റണും ബ്രൗണും ഉൾപ്പെടെ നൂറിലേറെ യുഎസ് സർവകലാശാലകളും കോളേജുകളുമാണ് ചൊവ്വാഴ്ച കത്തെഴുതിയത്. സഹായധനം വെട്ടിക്കുറയ്ക്കുമെന്ന ഭീഷണിക്കും രാഷ്ട്രീയ ഇടപടെലിനുമെതിരേ ഹാർവാഡ് സർവകലാശാല ട്രംപ് സർക്കാരിന്റെ പേരിൽ കേസുകൊടുത്തതിന്റെ പിറ്റേ ദിവസമാണിത്.

“മുമ്പെങ്ങുമില്ലാത്തവിധമുള്ള സർക്കാർ ഇടപെടലിനെതിരേ ഏകശബ്ദത്തിൽ സംസാരിക്കുന്നുവെന്ന്” തുറന്ന കത്തിൽ പറയുന്നു.“ക്രിയാത്മകമായ പരിഷ്കാരങ്ങൾക്ക് ഞങ്ങൾ തയ്യാറാണ്. സർക്കാരിന്റെ നിയമാനുസൃത നിരീക്ഷണത്തിനും എതിരല്ല. എന്നാൽ, അനാവശ്യ കൈകടത്തലിനെ ഞങ്ങൾ എതിർക്കു”മെന്നും കത്തിലുണ്ട്.