Monday, July 28, 2025

യുക്രെയ്ൻ സമാധാന ചർച്ച; ലണ്ടൻ യോഗം റദ്ദാക്കി

കീവ് : യുക്രെയ്ൻ സമാധാന ചർച്ചകളുടെ ഭാഗമായി ലണ്ടനിൽ ചേരാനിരുന്ന യോഗം അവസാനനിമിഷം റദ്ദാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് നീക്കം. യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച്, യുക്രെയ്ൻ എന്നീ രാജ്യങ്ങളിലെ ഉന്നത നയതന്ത്രജ്ഞർ പങ്കെടുക്കാനിരുന്ന യോഗമാണ് റദ്ദാക്കിയത്.

30 ദിവസത്തെ വെടിനിർത്തലിനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ തള്ളിയിരുന്നു. കിഴക്കൻ യുക്രെയ്നിലെ റഷ്യൻ സൈന്യത്തിന്റെ അധീനതയിലുള്ള പ്രവിശ്യകൾ റഷ്യയ്ക്കു വിട്ടുകൊടുത്തുകൊണ്ടുള്ള സമാധാനപദ്ധതിയാണു യുഎസ് മുന്നോട്ടുവയ്ക്കുന്നത്. ഇതു സാധ്യമല്ലെന്ന് കഴിഞ്ഞദിവസത്തെ പാരിസ് യോഗത്തിലും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കിയിട്ടുണ്ട്. സെലെൻസ്കിക്കുമേൽ സമ്മർദം ശക്തമാക്കാനാണ് അവസാനനിമിഷം ലണ്ടൻ യോഗം റദ്ദാക്കിയതെന്നു റിപ്പോർട്ടുണ്ട്. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഈയാഴ്ച വീണ്ടും മോസ്കോ സന്ദർശിക്കും.

അതേസമയം, ഇന്നലെ രാവിലെ കിഴക്കൻ യുക്രെയ്നിലെ നിപ്രോപെട്രോവ്സ്ക് മേഖലയിൽ ബസിനുനേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 7 സ്ത്രീകൾ അടക്കം 9 പേർ കൊല്ലപ്പെട്ടു. 40 പേർക്കു പരുക്കേറ്റു. യുദ്ധമുഖത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന റഷ്യയ്ക്കു വെടിനിർത്തലിനു തിടുക്കമില്ലെന്നും വിലയിരുത്തലുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!