മൺട്രിയോൾ : നഗരത്തിലെ ബസുകളിൽ “ഗോ ഹാബ്സ് ഗോ!” എന്ന ജനപ്രിയ മുദ്രാവാക്യം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ, പ്രതിരോധവുമായി കെബെക്ക് സർക്കാർ രംഗത്ത്. “ഗോ ഹാബ്സ് ഗോ!” എന്ന വാചകം മൺട്രിയോൾ കനേഡിയൻസ് എൻഎച്ച്എൽ ഹോക്കി ടീമിനുള്ള ദീർഘകാല പിന്തുണയുടെയും പ്രവിശ്യയുടെ ഐഡന്റിറ്റിയുടെയും ഭാഗമാണെന്നും കെബെക്ക് ഫ്രഞ്ച് ഭാഷാ മന്ത്രി ജീൻ-ഫ്രാൻസ്വാ റോബർജ് പറഞ്ഞു.
“ഗോ” എന്ന ഇംഗ്ലീഷ് പദം ഉപയോഗിക്കുന്നതിനെതിരെ കെബെക്ക് ഭാഷാ നിരീക്ഷണ ഏജൻസിക്ക് പരാതി ലഭിച്ചതിനെത്തുടർന്ന്, മൺട്രിയോൾ ട്രാൻസിറ്റ് ഏജൻസി ബസുകളിൽ നിന്ന് “Go! Canadiens Go!” എന്ന മുദ്രാവാക്യം നീക്കം ചെയ്യുകയും പകരം “Allez! Canadiens Allez!” എന്ന് ആക്കുകയും ചെയ്തു. ഇതോടെയാണ് മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്. “ഗോ ഹാബ്സ് ഗോ!” എന്നതിനെക്കുറിച്ചുള്ള ഭാവിയിലെ പരാതികൾ കാര്യമാക്കുന്നില്ലെന്ന് റോബർജ് പ്രഖ്യാപിച്ചു. അത് ചോദ്യം ചെയ്യാൻ പാടില്ലാത്ത, കാലാതീതമായ പദപ്രയോഗമാണെന്നും കൂട്ടിച്ചേർത്തു. അതേസമയം, പൊതുസ്ഥാപനങ്ങൾക്ക് മാതൃകാപരമായ ഫ്രഞ്ച് പദങ്ങൾ ഉപയോഗിക്കാനുള്ള നിയമപരമായ ബാധ്യതയുണ്ടെന്ന് ഭാഷാ ഓഫീസ് വ്യക്തമാക്കി. മാറ്റം പരസ്യമാക്കിയതിന് ശേഷം ഭാഷാ ഓഫീസിന് നിരവധി ഭീഷണികൾ ലഭിച്ചതായി ആരോപണമുണ്ട്.

അതേസമയം, വാഷിങ്ടൺ ക്യാപിറ്റൽസിനെതിരായ മൂന്നാം ഗെയിമിന് മൺട്രിയോൾ കനേഡിയൻസ് ഇന്ന് ആതിഥേയത്വം വഹിക്കും. ടീം ഏഴ് പ്ലേഓഫ് പരമ്പരകളിൽ 2-0 ന് പിന്നിലാണ്.